കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും കണ്ണൂർ എഡിഎം വിശദീകരണം തേടി. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഇന്ന് മൂന്ന് മണിക്ക് മുൻപായി മറുപടി നൽകാനാണ് നിർദേശം. വിഷയത്തിൽ റവന്യൂ മന്ത്രി ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനായി കണ്ണൂർ എഡിഎമ്മിനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയത്.
ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽപെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി ആർ രാജേഷ് ഒഴുക്കിൽപെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്താനായത്. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രാത്രി എട്ടുമണിയോടെ മൃതദേഹവുമായി തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.
പരിയാരത്തുള്ള ആംബുലൻസിൽ ഫ്രീസർ സൗകര്യം ഇല്ലാത്ത കാര്യം റവന്യൂ അധികൃതരെ അറിയിച്ചിരുന്നു എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. സ്വകാര്യ ആംബുലൻസുകൾ വലിയ തുക വാടക ആവശ്യപ്പെട്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി. എന്നാൽ ഇങ്ങനെയൊരു പ്രശ്നം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് പയ്യന്നൂർ തഹസീൽദാറുടെ നിലപാട്.
ആംബുലൻസ് കോഴിക്കോട് എത്തിയപ്പോഴേക്കും മൃതദേഹത്തിന്റെ അവസ്ഥ മോശമായിരുന്നു. വിഷയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ ചാവക്കാട് വെച്ച് മറ്റൊരു സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി നൽകി. സംഭവം വിവാദമായതോടെയാണ് റവന്യൂ മന്ത്രി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് റവന്യൂ ജീവനക്കാരോട് മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നതായി രാജേഷിന്റെ നാട്ടിൽ നിന്നെത്തിയ ജനപ്രതിനിധികളും വ്യക്തമാക്കിയിട്ടുണ്ട്.
