കണ്ണൂർ: അഴീക്കോട് പൊയ്ത്തുംകടവിലെ ഇരുപതുകാരി ഫാത്തിമത്തുൽ റിസ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കുടുക്കിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിനായി (29) പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ജൂലൈ 28 നായിരുന്നു റിസയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി യുഎഇയിലേക്ക് കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതോടെ യുഎഇയിലെ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ആസിഫിനെ കസ്റ്റഡിയിലെടുക്കാൻ ഇന്റർപോളിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
റിസ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനം മൂലമാണെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്. ഫാത്തിമത്തുൽ റിസ കുറച്ചുകാലമായി ഭർത്താവ് ആസിഫിൽ നിന്ന് കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കിരയായിരുന്നു എന്നാണ് ആരോപണം
