പറശ്ശിനിക്കടവ്: കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വളപട്ടണം പുഴ കരകവിഞ്ഞൊഴുകി പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര പരിസരത്തും വെള്ളം കയറി. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ക്ഷേത്രത്തിന് മുൻവശത്തെ ബോട്ട് ജെട്ടിയും താഴ്ന്ന പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി.
ക്ഷേത്രമുറ്റത്തേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയതിനെ തുടർന്ന് കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സുരക്ഷ മുൻനിർത്തി പറശ്ശിനിക്കടവിലേക്കുള്ള ബോട്ട് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ പുഴയിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ഭക്തജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
