കണ്ണൂർ : കണ്ണൂർ എളയാവൂരിൽ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ രണ്ടാം പ്രതിയായ ആറ്റടപ്പ് സ്റ്റാർ നിവാസിൽ എം കെ സവിതയെ (48) കണ്ണൂർ ടൗൺ പോലീസ് പിടികൂടി. ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പയ്യന്നൂരിൽ വെച്ചാണ് ടൗൺ എസ് ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും സവിതയുടെ ഭർത്താവുമായ എളയാവൂർ സൗത്ത് വടക്കേച്ചാലിൽ ഹൗസിലെ എ ഷിനേഷ് (33) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ജൂൺ എട്ടിന് രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിലായിരുന്നു മോഷണം നടന്നത്. കീഴുത്തള്ളിയിലെ പുഷ്പ എന്ന സ്ത്രീയുടെ വീടിന്റെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ സ്വർണമാലയാണ് ഇരുവരും ചേർന്ന് കവർന്നത്. വീടിന്റെ മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികൾ വീട്ടുജോലിയും ചെയ്തിരുന്നു. ഈ അവസരം മുതലാക്കിയാണ് അതിക്രമിച്ചു കയറി മോഷണം നടത്തിയത്. മോഷ്ടിച്ച സ്വർണം ആദ്യം ബാങ്കിൽ പണയം വെക്കുകയും പിന്നീട് കണ്ണൂരിലെ ജ്വല്ലറിയിൽ വിൽക്കുകയുമായിരുന്നു. മോഷണമുതൽ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. എഎസ്ഐ ഗോപകുമാർ, ഉദ്യോഗസ്ഥരായ ലതീഷ്, വിനിൽ, പ്രവിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
