കണ്ണൂർ: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള യാത്രാ കൺസഷന്റെ സമയം രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെയാണെന്ന് സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം വ്യക്തമാക്കി. ഈ സമയത്ത് കൃത്യമായ യാത്രാപാസ് കൈവശമുള്ള വിദ്യാർത്ഥികൾക്ക് നിർബന്ധമായും കൺസഷൻ അനുവദിക്കണമെന്ന് യോഗം ഓർമ്മിപ്പിച്ചു. വൈകിട്ട് 6 മണിക്ക് ശേഷം ചില ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുന്നില്ലെന്ന പരാതി യോഗത്തിൽ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. പുതുതായി ജോലിയിൽ പ്രവേശിക്കുന്ന കണ്ടക്ടർമാർക്ക് കൺസഷൻ സമയത്തെക്കുറിച്ച് അറിവില്ലായ്മ ഉണ്ടാകാമെന്നും ഇവർക്കായി അവബോധം നൽകുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ചില ബസുകൾ നിർത്താത്തത് കാരണം എസ്.എൻ കോളേജ്, ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ദുരിതത്തിലാകുന്ന കാര്യവും യോഗത്തിൽ ചർച്ചയായി. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് ബസ്റ്റോപ്പിൽ ഇരിട്ടിയിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിർത്താറില്ലെന്ന പരാതിയും ഉയർന്നു വന്നു. സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകിയാൽ ആർ.ടി.ഒ തലത്തിൽ കർശന നടപടി സ്വീകരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ പി വിഷ്ണുരാജ് നിർദ്ദേശം നൽകി.
യോഗത്തിൽ റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസർ ഇ.എസ് ഉണ്ണികൃഷ്ണൻ, ജോയിന്റ് ആർ.ടി.ഒ കെ വിനോദ് കുമാർ എന്നിവരും മോട്ടോർ വാഹന വകുപ്പ്, പോലീസ്, കെ.എസ്.ആർ.ടി.സി വകുപ്പ് പ്രതിനിധികളും വിവിധ വിദ്യാർത്ഥി സംഘടന, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.
