Zygo-Ad

കണ്ണൂർ ജില്ലയിൽ 33,601 അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി; രണ്ടാം ഘട്ട മാസ് ഡ്രൈവ് ഉടൻ

 


കണ്ണൂർ: ജില്ലയിൽ ഇതുവരെ 33,601 അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ജില്ലാ ലേബർ ഓഫീസ് അറിയിച്ചു. തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക ക്യാമ്പുകളിലൂടെയും നേരിട്ടുള്ള വിവരശേഖരണത്തിലൂടെയുമാണ് ഇത്രയും പേരെ രജിസ്റ്റർ ചെയ്തത്.

​ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളായ ആയിക്കര, അഴീക്കൽ, പുതിയങ്ങാടി, തലായി, ഗോപാൽപേട്ട, പാലക്കോട് എന്നിവടങ്ങൾ കേന്ദ്രീകരിച്ച് 63 രജിസ്‌ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഈ ക്യാമ്പുകളിൽ നിന്നായി 3177 അതിഥി തൊഴിലാളികളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ ഭൂരിഭാഗം തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങിയിരിക്കുകയാണ്. ഇവർ തിരിച്ചെത്തുന്ന മുറയ്ക്ക് തുറമുഖങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ഡ്രൈവ് പുനരാരംഭിക്കും. ജില്ലയിൽ കണ്ണൂർ സർക്കിളിലാണ് ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ളത്. കണ്ണൂർ 1, 2, 3 സർക്കിളുകൾ, തലശ്ശേരി 1, 2 സർക്കിളുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, ചിയാക് കണ്ണൂർ എന്നീ ഡിവിഷനുകളായി തിരിച്ചാണ് ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നത്.

​രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത തിരിച്ചറിയൽ കാർഡുകൾ നൽകും. വ്യവസായ സ്ഥാപനങ്ങൾ, നിർമ്മാണ മേഖലകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബാക്കിയുള്ള തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി രണ്ടാം ഘട്ട മാസ് ഡ്രൈവ് ഉടൻ നടപ്പിലാക്കും. ഏകീകൃത പോർട്ടൽ സംവിധാനമായതിനാൽ ഒരിക്കൽ രജിസ്റ്റർ ചെയ്ത് നാട്ടിൽ പോയി തിരിച്ചെത്തുന്നവർക്ക് വീണ്ടും രജിസ്‌ട്രേഷൻ ചെയ്യേണ്ടതില്ല. അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവരും തൊഴിലുടമകളും അവർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളുടെ ക്യാമ്പുകളിൽ കൃത്യമായ പരിശോധന നടത്തി വൃത്തിയും ശുചിത്വവും ഉറപ്പാക്കാനും ഉദ്യോഗസ്ഥതല യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

Previous Post Next Post