Zygo-Ad

വ്യാജവാർത്ത സൃഷ്ടിച്ച് വർഗ്ഗീയ പ്രചാരണം: കെ കെ രാഗേഷിന്റെ പേരിൽ വ്യാജ കാർഡ് നിർമ്മിച്ചതിനെതിരെ സിപിഐഎം പരാതി നൽകി



കണ്ണൂർ: വ്യാജ വാർത്തകൾ സൃഷ്ടിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സൈബർ ക്രിമിനലുകൾക്കെതിരെ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി പോലീസിൽ പരാതി നൽകി. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവിച്ചു എന്ന രീതിയിൽ, തികച്ചും അസത്യവും അപകീർത്തികരവുമായ വ്യാജ കാർഡുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെ തെളിവ് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

​പ്രവാസി ഹാൻഡിലുകളിൽ നിന്നും മറ്റും തികച്ചും വർഗ്ഗീയവിദ്വേഷം വളർത്തുന്ന തരത്തിലുള്ള വ്യാജ പ്രസ്താവനകളാണ് പ്രചരിക്കുന്നത്. കെ കെ രാഗേഷ് പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം ചേർത്താണ് കാർഡുകൾ നിർമ്മിച്ചിട്ടുള്ളത്. പാർട്ടിയെ അപകീർത്തിപ്പെടുത്താനും സമൂഹത്തിൽ മതപരമായ ചേരിതിരിവും വർഗ്ഗീയ വിദ്വേഷവും ഉണ്ടാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാനന്തേരി സ്വദേശിയായ ജാവിദ് എന്നയാൾ ഉൾപ്പെടെയുള്ളവർ ഇത്തരം വ്യാജ സന്ദേശങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

​പാർട്ടിയെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം പ്രവർത്തിക്കുന്ന ഇത്തരം സൈബർ ക്രിമിനൽ സംഘങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. വ്യാജ വാർത്തകളും സന്ദേശങ്ങളും നിർമ്മിക്കുന്നവർക്കും അത് സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്നവർക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

​ 

Previous Post Next Post