കണ്ണൂർ: പേര് രജിസ്റ്റർ ചെയ്ത് ഒമ്പത് വർഷം കഴിഞ്ഞിട്ടും അനുയോജ്യയായ വധുവിനെ കണ്ടെത്തി നൽകുന്നതിൽ പരാജയപ്പെട്ട വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതി പിഴയിട്ടു. കണ്ണൂർ സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
2016-ലാണ് യുവാവ് കാസർഗോഡ് സ്വദേശിനിയായ വധുവിനെ കണ്ടെത്തി നൽകാം എന്ന വാഗ്ദാനത്തിൽ 3000 രൂപ നൽകി ഈ വിവാഹ ബ്യൂറോയിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അനുയോജ്യമായ ആലോചനകൾ നൽകാൻ ബ്യൂറോ തയ്യാറായില്ല. ഓരോ വർഷവും അടുത്ത തവണ ശരിയാക്കാമെന്ന് പറഞ്ഞ് ബ്യൂറോ അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു. പ്രായമായ മാതാപിതാക്കൾ തന്റെ വിവാഹത്തിനായി ഏറെ കാത്തിരുന്നതായും കാൻസർ ബാധിതനായിരുന്ന പിതാവ് മകന്റെ വിവാഹം കാണാനാകാതെ 2025 ഒക്ടോബറിൽ മരണപ്പെട്ടതായും യുവാവ് കമ്മീഷനെ ബോധിപ്പിച്ചു. ഇത് വലിയ മാനസിക പ്രയാസത്തിന് കാരണമായി.
യുവാവിന്റെ പരാതിയിൽ ഉപഭോക്തൃ കമ്മീഷൻ നോട്ടീസ് അയച്ചെങ്കിലും വിവാഹ ബ്യൂറോ മാനേജ്മെന്റ് ഹാജരാകുകയോ വിശദീകരണം നൽകുകയോ ചെയ്തില്ല. തുടർന്നാണ് കേസ് എക്സ് പാർട്ടി വിധിക്കായി പരിഗണിച്ചത്. രേഖകൾ പരിശോധിച്ച കോടതി, ബ്യൂറോയുടെ ഭാഗത്തുനിന്ന് ഗുരുതരമായ സേവന വീഴ്ചയുണ്ടായതായി വിലയിരുത്തി. യുവാവ് അടച്ച രജിസ്ട്രേഷൻ ഫീസായ 3,000 രൂപ തിരികെ നൽകാനും മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 3,000 രൂപയും കോടതി ചെലവുകൾക്കായി 2,000 രൂപയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഈ തുക നൽകാൻ വീഴ്ച വരുത്തിയാൽ ഒമ്പത് ശതമാനം പലിശ സഹിതം നൽകേണ്ടി വരുമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
