Zygo-Ad

മൺസൂൺ ബംപർ അടിച്ച ഭാഗ്യശാലി എവിടെ: 10 കോടി കണ്ണൂരിൽ വിറ്റ ടിക്കറ്റിന്, വിറ്റത് അസം സ്വദേശി

 


കണ്ണൂർ : ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംപർ BR 110 നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി രൂപ M C 576896 എന്ന നമ്പറിന് ലഭിച്ചു. കണ്ണൂർ ജില്ലയിലെ തോട്ടടയിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കണ്ണൂരിലെ ഏജന്റായ മനോജ് എറണാകുളം ജില്ലയിൽ നിന്നും എടുത്ത ടിക്കറ്റാണിത്. മനോജിന്റെ ഏജൻസിയിൽ നിന്നും ടിക്കറ്റ് വാങ്ങി തോട്ടടയിൽ വെച്ച് വിൽപ്പന നടത്തിയത് അസം സ്വദേശിയായ പോപ്പിയാണ്. എന്നാൽ ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് തനിക്ക് ഓർമ്മയില്ലെന്ന് പോപ്പി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. 250 രൂപ വിലയുള്ള 40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. 11,14,500 ടിക്കറ്റുകൾ വിറ്റഴിച്ച് പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ ഒന്നാമതെത്തിയത്. തൃശൂർ രണ്ടും തിരുവനന്തപുരം മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾ ഏറ്റവും കുറവ് ടിക്കറ്റ് വിറ്റത് മലപ്പുറം ജില്ലയിലാണ്.

10 കോടി ഒന്നാം സമ്മാനമുള്ള മൺസൂൺ ബമ്പറിൽ രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവുമാണ്. കൂടാതെ മറ്റ് നിരവധി ചെറിയ സമ്മാനങ്ങളുമുണ്ട്. ഒന്നാം സമ്മാനമായ 10 കോടി രൂപ നേടുന്ന ഭാഗ്യശാലിക്ക് നികുതിയും കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർചാർജ്, ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സെസ് എന്നിവയും കഴിഞ്ഞ് ഏകദേശം 6 കോടി 30 ലക്ഷം രൂപയാകും കൈയിൽ ലഭിക്കുക.

 

Previous Post Next Post