കണ്ണൂർ: ടൗൺ പൊലീസിൻ്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി വീണ്ടും പിടിയിലായി. സഞ്ജുരാജ് മല്‍ഹോത്ര എന്നയാളെ ആണ് മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ വെച്ച് പൊലീസ് സംഘം പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ ട്രെയിൻ യാത്രയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. മഹാരാഷ്ട്ര പൊലീസിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. പൂനെ - എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസില്‍ യാത്ര ചെയ്യവെ ജൂണ്‍ 29-ന് പുലർച്ചെ മൂന്നിനും അഞ്ചരയ്ക്കും ഇടയിലായിരുന്നു സംഭവം.
രത്നഗിരിയില്‍ വെച്ച് ട്രെയിൻ നിർത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനെന്ന വ്യാജേന കാവലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ കബളിപ്പിച്ചാണ് പ്രതി കടന്നുകളഞ്ഞത്.
കറുത്ത ടീഷർട്ടും പാൻ്റുമായിരുന്നു രക്ഷപ്പെടുമ്പോള്‍ പ്രതിയുടെ വേഷം. ട്രെയിനില്‍ നിന്ന് ചാടിയ ഇയാള്‍ക്കു വേണ്ടി റെയില്‍വേ പൊലീസും പ്രാദേശിക പൊലീസും തിരച്ചില്‍ നടത്തിയിരുന്നു.
കണ്ണൂർ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജില്‍ വെച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കണ്ണൂർ ടൗണ്‍ പൊലീസ് സഞ്ജുരാജ് മല്‍ഹോത്രയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിയെ പൂനെയില്‍ നിന്ന് പിടികൂടിയത്. വീണ്ടും അറസ്റ്റിലായ പ്രതിയെ ഉടൻ തന്നെ കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.
