Zygo-Ad

പ്രിയദർശിനിയുടെ സഞ്ചാരത്തിൽ വഴിമുട്ടി സ്വകാര്യ ബസുകള്‍: കണ്ണൂരില്‍ 50 സര്‍വീസ് നിര്‍ത്തി; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ബസുടമകള്‍


കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കണ്ണൂർ ജില്ലയില്‍ 50 സ്വകാര്യ ബസുകള്‍ സർവീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

സർവീസ് അവസാനിപ്പിച്ച ബസുകളുടെ ജി-ഫോം ആർ.ടി.ഒയ്ക്ക് സമർപ്പിച്ചതായും അസോസിയേഷൻ വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പിലായതിന് പിന്നാലെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് ആരോപിച്ചു. ഇതോടെ നിരവധി ബസുടമകള്‍ കടക്കെണിയിലായെന്നും അദ്ദേഹം പറഞ്ഞു.

ഡീസല്‍ വിലയിലെ തുടർച്ചയായ വർധന, തൊഴിലാളികളുടെ വേതനച്ചെലവ്, യാത്രക്കാരുടെ കുറവ് എന്നിവയും സ്വകാര്യ ബസ് മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

 ഒരു ബസിന്റെ പ്രതിദിന ഇന്ധനച്ചെലവ് മാത്രം ഏകദേശം 8,000 രൂപയാണെന്നും 70 മുതല്‍ 80 ലിറ്റർ വരെ ഡീസല്‍ ഒരു ദിവസത്തെ സർവീസിന് ആവശ്യമായി വരുന്നുണ്ടെന്നും അവർ പറയുന്നു.

Previous Post Next Post