കണ്ണൂർ : മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് ഫാമിലി പെൻഷൻ കൈപ്പറ്റുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി നിയമനടപടി ആരംഭിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.
തന്നെ അധിക്ഷേപിക്കുന്ന തരത്തിൽ വാർത്ത നൽകിയവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകളും ലിങ്കുകളും നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭർത്താവ് മരിച്ചിട്ട് പത്ത് മാസം തികയുന്നതിന് മുൻപാണ് ഇത്തരം വ്യാജപ്രചരണമെന്നും തനിക്കെതിരെയുണ്ടായ അധിക്ഷേപത്തിൽ കടുത്ത വിഷമമുണ്ടെന്നും പി.കെ. ശ്രീമതി പറഞ്ഞു. ജനം ടിവി, കർമ്മ ന്യൂസ്, സുദിനം പത്രം, ഭാരത് ലൈവ് തുടങ്ങിയ മാധ്യമങ്ങൾക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. പരാതിയെക്കുറിച്ച് ഗൗരവമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേനയാണ് പെൻഷൻ വാങ്ങുന്നതെന്നായിരുന്നു പ്രചരണം. എന്നാൽ പി.ആർ. കൃഷ്ണന്റെ ഭാര്യയുടെ പേര് പി.കെ. ശ്രീമതി എന്നാണെന്നും മുൻ മന്ത്രി പി.കെ. ശ്രീമതി ടീച്ചറും മുൻ എംഎൽഎയുടെ ഭാര്യ പി.കെ. ശ്രീമതിയും വ്യത്യസ്ത വ്യക്തികളാണെന്നും ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ വെവ്വേറെയാണെന്നും നിയമസഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. പെൻഷൻ കൈപ്പറ്റുന്നത് തന്റെ മാതാവായ പി.കെ. ശ്രീമതിയാണെന്ന് വ്യക്തമാക്കി മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ മകൻ അജിത്തും രംഗത്തെത്തിയിട്ടുണ്ട്.
