കണ്ണൂർ: ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രദേശവാസികളെയും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ആർ.ഡി.ഒ തലത്തിൽ യോഗം വിളിച്ചുചേർക്കും. ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി നടന്ന റോഡ് പ്രവൃത്തി അവലോകന യോഗത്തിലാണ് ഈ തീരുമാനം.
മുക്കുന്ന് ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് കയറുന്നിടത്ത് ബസുകൾക്ക് സുഗമമായി പ്രവേശിക്കാനുള്ള വീതിയില്ലെന്നതായിരുന്നു കുപ്പം പ്രദേശവാസികളുടെ പ്രധാന പരാതി.
യോഗത്തിൽ ജില്ലയിലെ ദേശീയപാത നിർമാണ പുരോഗതിയും വിലയിരുത്തി. തലശ്ശേരി-മാഹി ഭാഗത്തെ പ്രവൃത്തികൾ 65 ശതമാനം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ.കെ. സുബൈർ, ഡെപ്യൂട്ടി കളക്ടർ (എൽ.എ) എ.കെ. അനീഷ്, തളിപ്പറമ്പ് ആർ.ഡി.ഒ മോഹനൻ എൻ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
