കണ്ണൂർ: ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഹോർഡിംഗുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ചവർ തന്നെ സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അറിയിച്ചു. ഇവ നീക്കം ചെയ്ത ശേഷം ഹരിതകർമ്മ സേനയ്ക്ക് നേരിട്ടോ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ കൈമാറേണ്ടതാണ്.
ഫുട്ബോളിന്റെ മത്സര സ്പിരിറ്റ് കാത്തുസൂക്ഷിക്കുന്നത് പോലെ തന്നെ, തങ്ങൾ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ ഉത്തരവാദിത്തത്തോടെ മാറ്റി മാലിന്യ സംസ്കരണത്തിൽ മാതൃകയാകാൻ യുവാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
