Zygo-Ad

അനസ്തേഷ്യ പിഴവിനെത്തുടർന്ന് ഒന്നര വയസുകാരൻ മരിച്ച സംഭവം: ഡോക്ടർക്കെതിരെ കേസെടുത്തു,മെഡിക്കൽ ബോർഡ് പരിശോധനയിലേക്ക്

 


കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യയിലെ പിഴവ് മൂലം ഒന്നര വയസുകാരൻ മരണപ്പെട്ട സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്ധരായ ഡോക്ടർമാർ ഉൾപ്പെടുന്ന പാനൽ കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കും. കുട്ടിയുടെ മരണത്തിൽ ഡോക്ടർമാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ ആദ്യം ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യനെയാണ് കാണിച്ചിരുന്നത്. എന്നാൽ പിന്നീട് പ്ലാസ്റ്റിക് സർജന്റെ അടുത്തേക്ക് മാറ്റുകയും കുട്ടി ബഹളം വെച്ചതിനെ തുടർന്ന് സർജൻ അനസ്തേഷ്യ നൽകാൻ നിർദേശിക്കുകയുമായിരുന്നു. അനസ്തേഷ്യ നൽകിയ ഉടൻ തന്നെ കുട്ടിക്ക് ഹൃദയാഘാതം (കാർഡിയാക് അറസ്റ്റ്) ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജനറൽ അനസ്തേഷ്യ നൽകാൻ പാടില്ലെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post