Zygo-Ad

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം കെ റാം കുടകിൽ പിടിയിൽ

 


കണ്ണൂർ: ദന്തൽ കോളജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിലായി. ഇന്നലെ രാത്രിയോടെ അന്വേഷണസംഘം കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നിലവിൽ ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ എത്തിയെങ്കിലും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ, താടി വെച്ച് രൂപം മാറിയാണ് മൂന്ന് മാസത്തോളമായി ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതി ഇത്രയും കാലം ഒളിവിലായിരുന്നു എന്ന കാര്യം സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുമുണ്ട്.

സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കുകയും ഒടുവിൽ കുടകിൽനിന്ന് സാഹസികമായി പിടികൂടുകയുമായിരുന്നു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഡോ. റാമിനെതിരെ അതീവ ഗുരുതരമായ പരാമർശങ്ങളാണ് നടത്തിയത്. നിതിൻ രാജ് ക്ലാസ്മുറിക്കുള്ളിൽ വെച്ച് ക്രൂരമായി അധിക്ഷേപിക്കപ്പെട്ടു എന്ന് വ്യക്തമാക്കിയ കോടതി, സഹപാഠികളുടെ മുന്നിൽവെച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയുണ്ടായി. ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളിൽ നിന്ന് അധ്യാപകർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

പ്രതി പിടിയിലായതിൽ ആശ്വാസമുണ്ടെങ്കിലും കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെക്കൂടി അറസ്റ്റ് ചെയ്താൽ മാത്രമേ നിതിന്റെ കുടുംബത്തിന് പൂർണമായ നീതി ലഭിക്കുകയുള്ളൂവെന്ന് പിതാവ് രാജൻ പ്രതികരിച്ചു. ക്രൂരമായ പീഡനങ്ങൾക്ക് ഇരയായാണ് ആ വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ടതെന്നും ഇതിന് കാരണക്കാരായ ഡോ. റാം ഉൾപ്പെടെയുള്ള എല്ലാവർക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.


Previous Post Next Post