കണ്ണൂർ: ദേശീയ സെൻസസ് 2027ന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെൻസസും ബുധനാഴ്ച മുതൽ ആരംഭിക്കും. ഈ മാസം 30 വരെയാണ് ഫീൽഡ് തല വിവരശേഖരണം നടക്കുക. ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ 16 ചാർജുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.
സെൻസസ് പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ആകെ 4100 എന്യൂമറേറ്റർമാരെയും 670 സൂപ്പർവൈസർമാരെയും വിന്യസിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ എന്യൂമറേറ്റർമാരുള്ളത് തലശ്ശേരി താലൂക്കിലാണ്, 818 പേർ. ആദ്യത്തെ മൂന്നു ദിവസം എന്യൂമറേറ്റർമാരുടെ കൂടെ സൂപ്പർവൈസർമാരും ഫീൽഡിൽ പരിശോധനയ്ക്ക് ഉണ്ടാകും. എച്ച്എൽഒ ആപ് ഉപയോഗിച്ചാണ് എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തുക. ആകെ 33 ചോദ്യങ്ങളാണ് വിവരശേഖരണത്തിനായി തയാറാക്കിയിട്ടുള്ളത്.
നേരത്തെ വെബ്സൈറ്റ് വഴി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയവർക്ക് ലഭിച്ച, എച്ചിൽ തുടങ്ങുന്ന 11 അക്ക എസ്ഇ ഐഡി നമ്പർ എന്യൂമറേറ്റർക്ക് നൽകിയാൽ വീണ്ടും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ല. മുൻപ് നൽകിയ ഉത്തരങ്ങൾ സ്ഥിരീകരിച്ചാൽ മാത്രം മതിയാകും. സെൽഫ് എന്യൂമറേഷൻ വിവരങ്ങളിൽ തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് അത് എന്യൂമറേറ്ററുടെ ശ്രദ്ധയിൽപെടുത്തി തിരുത്താനും അവസരമുണ്ട്.
വീടുകളിൽ എത്തുന്ന ഉദ്യോഗസ്ഥരോട് കൃത്യമായ വിവരങ്ങൾ നൽകി സെൻസസ് പ്രവർത്തനങ്ങളുമായി എല്ലാവരും പൂർണമായി സഹകരിക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അഭ്യർഥിച്ചു. സെൻസസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.
