കണ്ണൂർ: പയ്യന്നൂരില്‍ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞു നിർത്തി കാറും ഒന്നരക്കോടിയോളം രൂപയും സ്വർണ്ണവും കവർന്ന കേസില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പൊലീസിന്റെ പിടിയിലായി.
മാലൂർ കുണ്ടേരി പൊയിലിലെ വയല്‍ ഹൗസില്‍ അശ്വന്തി (26) നെയാണ് പയ്യന്നൂർ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള കണ്ണൂർ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കുണ്ടേരി പൊയിലില്‍ വെച്ച് പൊലീസ് സംഘം വളയുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷിനെ ദിവസങ്ങള്‍ക്ക് മുൻപ് പൊലീസ് പിടികൂടിയിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നും സ്വന്തം കാറില്‍ തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വർണ്ണ വ്യാപാരി കുമാർ ജലന്തർ നിഗം, ഭാര്യ, രണ്ട് കുട്ടികള്‍ എന്നിവരെയാണ് സംഘം വഴിയില്‍ തടഞ്ഞുനിർത്തി ഹൈവേ കൊള്ളയ്ക്ക് ഇരയാക്കിയത്.
കഴിഞ്ഞ മാസം രണ്ടിന് പുലർച്ചെ അഞ്ച് മണിയോടെ പയ്യന്നൂർ എടാട്ട് വെച്ചായിരുന്നു നാടകീയമായ കവർച്ച നടന്നത്.
