തലശേരി: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി മുഹമ്മദ് അഫ്സലിനെയും കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ ചേർന്ന സമ്മേളനം തെരഞ്ഞെടുത്തു. വി കെ നിഷാദ്, എ പി അൻവീർ, ഷിബിൻ കാനായി എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി എം അഖിൽ, പി പി അനിഷ, പി പി സിദിൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മുഹമ്മദ് സിറാജിനെ ട്രഷററായും തെരഞ്ഞെടുത്തു.
കണ്ണൂർ ജില്ലയിലെ ഡിവൈഎഫ്ഐയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. നിലവിൽ സിപഐ എം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ അനുശ്രീ മുൻപ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് അഫ്സൽ നിലവിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്നു. 55 അംഗ ജില്ലാ കമ്മിറ്റിയെയും 17 അംഗ സെക്രട്ടറിയറ്റിനെയും 57 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തിട്ടുണ്ട്.
