Zygo-Ad

അനസ്തീഷ്യ നല്‍കി 10 മിനിട്ടിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തിൽ ചികിത്സാ പിഴവ് സ്ഥിരീകരിച്ച്‌ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


പയ്യന്നൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടർന്ന് തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താത്തതാണ് മരണകാരണമെന്ന് റിപ്പോർട്ടില്‍ പറയുന്നു.കുട്ടിക്ക് ജനറല്‍ അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

എന്നാല്‍ ഈ മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും, ജനറല്‍ അനസ്തീഷ്യ നല്‍കി ശസ്ത്രക്രിയ നടത്തേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

അനസ്തീഷ്യ നല്‍കി 10 മിനിറ്റിനുള്ളില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടർന്ന് കുട്ടി ബോധരഹിതനായി. 

അനസ്തീഷ്യ നല്‍കിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ നിലവില്‍ കേസെടുത്തിട്ടുണ്ട്.പീഡിയാട്രിഷ്യൻ ഡോ. ആശ നിർമ്മല്‍, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

മൂന്ന് ഡോക്ടർമാരുടെയും ഫോണ്‍ സ്വിച്ച്‌ ഓഫാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശുപത്രി മാനേജ്മെന്റിന് പയ്യന്നൂർ പൊലീസ് നിർദ്ദേശം നല്‍കി.

 കേസ് അന്വേഷിക്കുന്ന പയ്യന്നൂർ ഡിവൈഎസ്പി മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ കണ്ണൂർ ഡിഎംഒക്ക് കത്ത് നല്‍കിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകള്‍ ബോർഡിന് കൈമാറും. ബോർഡ് റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടി.

അതേസമയം ആശുപത്രിയുടെ വിശ്വാസത്തെ ബിസിനസ് താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

 മനുഷ്യത്വ രഹിതമായ നടപടിയാണുണ്ടായതെന്നും അനസ്‌തേഷ്യ നല്‍കിയപ്പോള്‍ വീഴ്ച ഉണ്ടായോ എന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാവില്ല. ഇപ്പോള്‍ കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

 ചെറിയ മുറിവിന് അനസ്‌തേഷ്യ നല്‍കേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് കുടുംബം ചോദിക്കുന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നു.

കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍ തുടക്കത്തിലേ പറഞ്ഞിരുന്നു. 18,000 രൂപ നല്‍കിയാല്‍ മാത്രമേ ചികിത്സിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞെന്നും ആരോപണമുണ്ട്.

Previous Post Next Post