Zygo-Ad

നിതിൻ രാജിന്റെ മരണം: പ്രതി ഡോ. എംകെ റാമിനായി പോലീസ് ആന്ധ്രയിൽ; ഒളിത്താവളം കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല

 


കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർഎൽ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയും കോളേജ് മുൻ അധ്യാപകനുമായ ഡോ. എംകെ റാമിനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ഒളിസങ്കേതം ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒളിവിൽ പോയി

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഡോ. എംകെ റാം ആന്ധ്രയിലേക്ക് കടന്നത്. ചോദ്യം ചെയ്യലിന് തടസ്സമില്ലെന്നും അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്താമെന്നും വ്യക്തമാക്കിയാണ് കഴിഞ്ഞ ജൂൺ 12ന് ഹൈക്കോടതി ഇയാളുടെ ജാമ്യാപേക്ഷ നിഷേധിച്ചത്. ഇതോടെ മൂന്ന് ദിവസം മുൻപ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിലെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ ഉടൻ വലയിലാക്കാൻ കേരള പോലീസ് ആന്ധ്ര പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. അതിനിടെ, പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന റാം സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങൾ നടത്തുന്നതായും സൂചനയുണ്ട്.

അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിന്

തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻരാജ് കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ആദ്യഘട്ടത്തിൽ സിറ്റി പോലീസ് മുൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചതെങ്കിലും ഏപ്രിൽ 30ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നിലവിൽ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസിൽ വിശദമായ അന്വേഷണം നടത്തുന്നത്.


Previous Post Next Post