Zygo-Ad

സെൻസസ് വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്താൻ ഇന്ന് കൂടി അവസരം: അറിയേണ്ട കാര്യങ്ങൾ

 


കണ്ണൂർ: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് 2027 നടപടികളുടെ ഭാഗമായി വിവരങ്ങൾ വ്യക്തികൾക്ക് സ്വന്തമായി രേഖപ്പെടുത്താനുള്ള (സെൽഫ് എന്യൂമറേഷൻ) സമയം ഇന്ന് (ജൂൺ ol30) രാത്രി 12 മണിയോടെ അവസാനിക്കും. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഈ പ്രക്രിയയിലൂടെ സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നതിന് മുൻപ് തന്നെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും. സെൻസസ് നടപടികൾ കൂടുതൽ വേഗത്തിലാക്കാനും എന്യൂമറേറ്റർമാരുടെ ജോലിഭാരം കുറയ്ക്കാനുമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ജൂലൈ ഒന്ന് മുതൽ 30 വരെ രാജ്യത്ത് നടക്കുന്ന ഒന്നാംഘട്ട സെൻസസിന് മുന്നോടിയായാണ് സെൽഫ് എന്യൂമറേഷൻ നടക്കുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. ഇതിന്റെ ഭാഗമായി കെട്ടിട നമ്പർ, വീടിന്റെ അവസ്ഥ, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങൾ, അടുക്കള, ഇന്റർനെറ്റ്, വാഹനം തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. സെൻസസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.

സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ട വിധം:

പൊതുജനങ്ങൾക്ക് se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം ഈ പ്രക്രിയ പൂർത്തിയാക്കാം. സൈറ്റിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകി ഒ.ടി.പി വഴി സ്ഥിരീകരിക്കണം. തുടർന്ന് ജില്ലയും സ്ഥലവും രേഖപ്പെടുത്തി മാപ്പിൽ സ്വന്തം വീടിന്റെ ലൊക്കേഷൻ കണ്ടെത്തി മാർക്ക് ചെയ്യണം.

ഇതിനുശേഷം സ്ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുമ്പോൾ 11 അക്കങ്ങളുള്ള ഒരു എസ്.ഇ ഐ.ഡി (SE ID) മൊബൈലിലും ഇ-മെയിലിലും സന്ദേശമായി ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐ.ഡി മാത്രം കൈമാറിയാൽ മതിയാകും.

 

Previous Post Next Post