പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ക്ഷാമം ഉണ്ടാകുന്നത് തടയാനായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പൂർണ്ണമായി ഒഴിവാക്കുന്നു. ഇന്ധന വിതരണത്തിലെ നിയന്ത്രണങ്ങൾ നീക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് ജൂലൈ ഒന്ന് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ നിലവിലെ വിതരണ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ ഇനി തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്.
ആഗോളതലത്തിലെ പ്രതിസന്ധികൾ കണക്കിലെടുത്ത് ജൂൺ 12 നായിരുന്നു കേന്ദ്ര സർക്കാർ താല്ക്കാലിക നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ കമ്പനികളുടെ റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ വഴിയുള്ള പെട്രോൾ, ഡീസൽ വിതരണം ക്രമീകരിക്കാനായിരുന്നു അന്നത്തെ ഉത്തരവ്. പൊതുജനങ്ങൾക്ക് ആവശ്യത്തിന് ഇന്ധനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾക്ക് പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണവും ഡീസലിന് പ്രതിദിന പരിധിയും നിശ്ചയിച്ചിരുന്നു. പമ്പുകളിൽ നിന്ന് വാങ്ങുന്നതിന് പകരം മൊത്ത വിതരണക്കാരിൽ നിന്ന് ഇന്ധനം സംഭരിക്കാനായിരുന്നു ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.
രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങളിൽ മാറ്റം വന്നതോടെയാണ് ഈ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറായത്. പുതിയ തീരുമാനത്തോടെ വാണിജ്യ ആവശ്യങ്ങൾക്കായി എത്തുന്ന ഉപഭോക്താക്കൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും കൂടാതെ റീട്ടെയ്ൽ പമ്പുകളിൽ നിന്ന് വീണ്ടും ഇന്ധനം വാങ്ങാൻ സാധിക്കും. ഭൂരിഭാഗം അസംസ്കൃത എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ചലനങ്ങൾ ഇന്ധന ലഭ്യതയെയും വിലയെയും എപ്പോഴും സ്വാധീനിക്കാറുണ്ട്.
