കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും പിടികൂടി. ജയിലിലെ അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപം പ്ലാസ്റ്റിക് കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. ജയിൽ ജീവനക്കാർ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഒളിപ്പിച്ചു വെച്ച ഫോൺ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.
ഒരു മൊബൈൽ ഫോൺ, പവർബാങ്ക്, ഇയർ ഫോൺ എന്നിവയാണ് പരിശോധനയിൽ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ജോയിന്റ് സൂപ്രണ്ട് കണ്ണൂർ ടൗൺ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കടുത്ത സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മുൻപും നിരവധി തവണ തടവുകാർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ ജയിൽ അധികൃതർ പിടികൂടിയിട്ടുണ്ട്. ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണുകൾ എത്തുന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കും.
