Zygo-Ad

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തത്തിന് കർശന നിരോധനം; ലംഘിച്ചാൽ തടവും പിഴയും

 


കണ്ണൂർ: മൺസൂൺ കാലത്ത് ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിൽ മുട്ടയിടാൻ എത്തുന്ന മത്സ്യങ്ങളെ അനധികൃതമായി പിടികൂടുന്നതിനെതിരെ (ഊത്ത പിടിത്തം) കർശന ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ഇത്തരം പ്രവൃത്തികൾ വ്യാപകമായ മത്സ്യവംശനാശത്തിനും ജലജീവിവൈവിധ്യത്തിന്റെ തകർച്ചയ്ക്കും കാരണമാകുന്നുവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജുഗ്‌നു ആർ വ്യക്തമാക്കി.

കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ നിയമപ്രകാരം ജൂൺ, ജൂലൈ മാസങ്ങളിലെ മത്സ്യങ്ങളുടെ പ്രജനന കാലത്ത് നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് ആറുമാസം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കും. മൺസൂൺ കാലത്തെ ഈ അനധികൃത മത്സ്യബന്ധനത്തോട് പൊതുജനങ്ങൾ പൂർണ്ണമായും വിയോജിക്കണമെന്നും വകുപ്പ് അഭ്യർത്ഥിച്ചു.

അടക്കംകൊല്ലി വലകൾ, 20 മില്ലീമീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള വലകൾ, വൈദ്യുതി ഉപയോഗിച്ചുള്ള മത്സ്യബന്ധനം, തോട്ട പൊട്ടിക്കൽ, വിഷം കലക്കൽ തുടങ്ങിയ വിനാശകരമായ രീതികൾക്കും കർശന നിരോധനമുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കണ്ണൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമീപത്തെ മത്സ്യഭവനുകളിലോ വിവരമറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

 

Previous Post Next Post