പിലാത്തറ: പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാർ ആക്രമിക്കുകയും സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ ദുരൂഹതയൊഴിയാതെ പൊലീസ്. കാർ ആക്രമിക്കപ്പെട്ട് അഞ്ച് മണിക്കൂറുകൾക്ക് ശേഷം പൊലീസ് നേരിട്ട് അന്വേഷിച്ചെത്തിയപ്പോഴാണ് ഇരയായവർ പരാതി നൽകാൻ തയ്യാറായത്. ആദ്യഘട്ടത്തിൽ 25 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നാണ് പരാതിപ്പെട്ടിരുന്നതെങ്കിലും, പിന്നീട് 55 ലക്ഷം രൂപ കൂടി നഷ്ടപ്പെട്ടതായി കാറുടമയും തലശ്ശേരിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയുമായ അശോക് യശ്വന്ത് പൊലീസിനെ അറിയിച്ചു.
പഴയ സ്വർണം വാങ്ങി മഹാരാഷ്ട്രയിൽ കൊണ്ടുപോയി വിറ്റ് പുതിയ ആഭരണങ്ങൾ കേരളത്തിലെത്തിക്കുന്ന ബിസിനസ്സാണ് ഇവരുടേതെന്നാണ് വിവരം. മഹാരാഷ്ട്രയിൽ നിന്ന് വരുമ്പോൾ കാറിൽ പുതിയ ആഭരണങ്ങളും പഴയ സ്വർണം വാങ്ങാനുള്ള വൻ തുകയും ഉണ്ടാകാറുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതെന്നാണ് സൂചന. അക്രമികൾ കാറിന്റെ സീറ്റുകളും ഡാഷ്‌ബോർഡും ഫ്ലോർ മാറ്റുകളും പൂർണ്ണമായി തകർത്ത നിലയിലായിരുന്നു. കാറിനുള്ളിൽ രഹസ്യ അറകൾ ഉണ്ടോ എന്ന് കണ്ടെത്താനാണ് ഇത്തരത്തിൽ പരിശോധന നടത്തിയതെന്ന് സംശയിക്കുന്നു.
ദേശീയപാതയിൽ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിന് സമീപം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പെരിന്തൽമണ്ണയിലെ എഎസ്കെ ഗോൾഡ് വർക്സ് ഉടമയായ കുമാർ ജലിന്തർ നിഗം, ഭാര്യ, രണ്ട് മക്കൾ, ഡ്രൈവർ എന്നിവരാണ് കാറിലുണ്ടായിരുന്നത്. രണ്ട് കാറുകളിലായെത്തിയ ആറംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവർ പറയുന്നു.
പിലാത്തറ പയച്ചി സഹകരണ കോളേജ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. തുടർന്ന് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിലുണ്ടായിരുന്നവർ മഹാരാഷ്ട്ര സ്വദേശികളാണെന്നും ഇവർ തലശ്ശേരിയിലുണ്ടെന്നും കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.
