Zygo-Ad

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധിപ്പിക്കുന്നു :പുതിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ

 


കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കണ്ണൂർ ജില്ല ലോറി മേഖല സംയുക്ത സമിതി ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ ജില്ല സ്വതന്ത്ര ലോറി ഓണേഴ്സ് അസോസിയേഷൻ, മർച്ചന്റസ് അസോസിയേഷൻ, ലോറി ഏജന്റ്സ് അസോസിയേഷൻ, വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാക്കൾ എന്നിവർ പങ്കെടുത്ത സംയുക്ത യോഗത്തിലാണ് വാടക വർദ്ധിപ്പിക്കാൻ തീരുമാനമായത്.

ഇന്ധന വിലവർധനവ്, ടയർ, സ്പെയർപാർട്സ്, ഇൻഷുറൻസ്, പെർമിറ്റ്, അറ്റകുറ്റപ്പണി എന്നിവയിലുണ്ടായ വലിയ വർദ്ധനവും വാഹന ഉടമകളും തൊഴിലാളികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ചാണ് ഈ തീരുമാനം. പുതിയ നിരക്കുകൾ പ്രകാരം കണ്ണൂർ ജില്ലയിൽ നിന്നും കയറ്റുന്ന പ്ലൈവുഡ് ലോഡുകൾക്ക് നിലവിലുള്ള ഒൻപത് ടൺ വാടക നിരക്കിൽ നിന്നും 13 ശതമാനം വർദ്ധനവുണ്ടാകും. പ്ലൈവുഡ് ഒഴികെയുള്ള മറ്റ് ചരക്കുകളായ മരപ്പൊടി, സ്ട്രാപ്പ്, ഓട്, ടൈൽസ് എന്നിവയ്ക്ക് നിലവിലുള്ള നിരക്കിൽ നിന്നും 20 ശതമാനം വർദ്ധനവാണ് വരുന്നത്. പുതിയ നിരക്കുകൾ ജില്ലയിലെ എല്ലാ കമ്പനികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ബാധകമായിരിക്കും.

ലോറി മേഖലയിൽ ഓവർലോഡ് പൂർണ്ണമായും നിരോധിക്കുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ജൂലൈ ഒന്ന് മുതൽ നിയമപരമായ ഭാരപരിധിക്ക് മുകളിലുള്ള ചരക്കുകൾ ഒരു കാരണവശാലും കയറ്റാൻ അനുവദിക്കില്ല. ഓവർലോഡ് മൂലം വാഹനങ്ങൾക്ക് ഗുരുതരമായ കേടുപാടുകളും അപകട സാധ്യതകളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇതൊഴിവാക്കാൻ തീരുമാനിച്ചത്.

ലോഡിങ്, അൺലോഡിങ് ചാർജുകൾ പൂർണ്ണമായും ഒഴിവാക്കാനും യോഗം തീരുമാനിച്ചു. എന്നാൽ ലോഡ് സുരക്ഷിതമായി കെട്ടുന്നതിനായി ആവശ്യമായ കയർ, പായ മറ്റ് സാമഗ്രികൾ ഉപയോഗിക്കുന്നതിനും ബന്ധപ്പെട്ട തൊഴിലാളികൾക്ക് നൽകുന്ന കെട്ട് പൈസയും നിലവിലുള്ള രീതിയിൽ തുടരും. ജില്ലയിൽ രജിസ്റ്റർ ചെയ്ത ട്രാൻസ്പോർട്ട് മുഖേന മാത്രമേ ലോഡ് കയറ്റാൻ അനുവദിക്കുകയുള്ളൂ. നേരിട്ടുള്ള ലോഡുകൾ അനുവദിക്കില്ല. വാർത്താസമ്മേളനത്തിൽ ലോറി ഓണേഴ്സ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടക്കാട്, സെക്രട്ടറി ഗഫൂർ കായലോട്, കെ സലീം, കെ ഹാഷിം, അജേഷ് മട്ടന്നൂർ എന്നിവർ പങ്കെടുത്തു.

 

Previous Post Next Post