ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താഫിറ്റാമിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരൻ എടക്കാട് കിഴുന്നപ്പാറ സ്വദേശി എ. പ്രണവ് എക്സൈസ് പിടിയിലായി. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിലാണ് മുപ്പത്തിയൊന്നുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. തോട്ടട, കിഴുന്നപ്പാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 7.583 ഗ്രാം മെത്താഫിറ്റാമിൻ കണ്ടെടുത്തു.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.പി. സുഹൈൽ, പി.വി. ഗണേഷ് ബാബു എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും മൊത്തമായി എത്തിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുകൾ ചെറു പാക്കറ്റുകളിലാക്കി വിൽക്കുകയാണ് ഇയാളുടെ രീതി. തോട്ടട, അമ്മുപറമ്പ്, ഐടിഐ ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രണവ്. മുൻപും സമാനമായ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരി കച്ചവടം നടത്തിയത്.
അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ അബ്ദുൽ നാസർ ആർ.പി, പുരുഷോത്തമൻ ചിറമ്മൽ, അജിത്ത് സി, പ്രിവന്റീവ് ഓഫീസർമാരായ സുഹൈൽ പി.പി, ഉമേഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി, സുജേഷ് എം.വി, ശ്യാം രാജ്, സായൂജ് കെ.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക എ.വി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
