കണ്ണൂർ :ഒരു കാലത്ത് ജലസമൃദ്ധിയോടെ നിറഞ്ഞൊഴുകി കോയ്യോട്, ചാല, നടാൽ പ്രദേശങ്ങളിലെ ജനജീവിതത്തെ സമ്പന്നമാക്കിയിരുന്ന ചാലത്തോട് ഇന്ന് തുടർച്ചയായ കൈയേറ്റങ്ങൾ കാരണം നാശത്തിന്റെ വക്കിലാണ്. ദേശീയപാത നിർമാണത്തിനായി നടത്തിയ കൈയേറ്റങ്ങൾ മൂലം തോട് പലയിടത്തും മെലിഞ്ഞ് ഇല്ലാതായിക്കഴിഞ്ഞു. പരന്നൊഴുകി ചാല ടൗണും കടന്നുവരുന്ന തോട് മിംസ് ആശുപത്രിക്ക് സമീപമെത്തുമ്പോഴേക്കും വീതി നഷ്ടപ്പെട്ട് വെറുമൊരു ഓവുചാലായി ചുരുങ്ങുന്ന അവസ്ഥയിലാണ്. ഇനി ഒരു ശക്തമായ മഴ പെയ്താൽ പ്രദേശം ആകെ വെള്ളത്തിനടിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.
ദേശീയപാതയും റോഡിന് കുറുകെ നിർമിച്ച കലുങ്കും തോടിന്റെ നല്ലൊരു ഭാഗം കൈയേറിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്. ചെറിയ മഴയിൽ പോലും ഒഴുക്ക് തടസ്സപ്പെട്ട് സമീപപ്രദേശങ്ങളിൽ വെള്ളം കയറാൻ ഇത് ഇടയാക്കുന്നു. മഴവെള്ളത്തിൽ ഒഴുകിയെത്തുന്ന മരത്തടികളും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ഒഴുക്ക് പൂർണ്ണമായും നിലച്ച മട്ടിലാണ് നിലവിൽ തോടിന്റെ അവസ്ഥ.
കഴിഞ്ഞ വർഷം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ യജ്ഞം സംഘടിപ്പിച്ച്, കാടുമൂടിയും കരയിടിഞ്ഞും കിടന്ന തോടിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ദേശീയപാതാ നിർമാണത്തിനായി തോട് വീണ്ടും കൈയേറിയത് സ്ഥിതി വഷളാക്കി. കനത്ത കാലവർഷത്തിൽ കുത്തിയൊലിച്ചെത്തുന്ന വെള്ളം ഈ തോട് വഴി നടാലിലെത്തി സുഗമമായി കടലിലേക്ക് ഒഴുകിയിരുന്ന സംവിധാനമാണ് ഇതോടെ ഇല്ലാതായത്. തോട് കൈയേറുന്നത് വെള്ളക്കെട്ടിന് കാരണമാകുമെന്ന് അധികൃതരെ പലവട്ടം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടായാൽ ചാല ടൗണിലെയും മിംസ് ആശുപത്രി പരിസരങ്ങളിലെയും കച്ചവടക്കാരും വീട്ടുകാരും കടുത്ത ദുരിതത്തിലാകും. ഈ ഭാഗത്ത് തോടിന്റെ വീതി പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
