തളിപ്പറമ്പിലെയും പരിസര പ്രദേശങ്ങളിലെയും ചില സ്കൂളുകളിൽ നടന്നു വരുന്ന അനധികൃത കച്ചവടം നിർത്തലാക്കണമെന്ന് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ എസ് റിയാസ് ആവശ്യപ്പെട്ടു. യൂണിഫോം, നോട്ടുബുക്കുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവ വിദ്യാലയങ്ങൾ വഴി വൻ വിലയ്ക്ക് നൽകി ലാഭം കൊയ്യുന്ന രീതിയാണ് പലയിടത്തും നടക്കുന്നത്. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും സൗജന്യമായി നൽകുന്ന നെയിം സ്ലിപ്പുകൾക്ക് പോലും ചില സ്കൂളുകൾ പണം ഈടാക്കുന്നതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ ചട്ടങ്ങൾ ലംഘിച്ചാണ് ഇത്തരം കച്ചവടങ്ങൾ നടക്കുന്നത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന സാധാരണ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടിക്കെതിരെ അധികാരികൾ ശക്തമായി ഇടപെടണം. അക്ഷരം അഭ്യസിപ്പിക്കേണ്ട ഇടങ്ങളിൽ അധ്യാപകരും മാനേജ്‌മെന്റും കച്ചവടത്തിന് മുതിരുന്നത് അംഗീകരിക്കാനാവില്ല. വിദ്യാലയങ്ങളിലെ ഈ ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്നും രക്ഷിതാക്കൾ പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കണമെന്നും കെ എസ് റിയാസ് പറഞ്ഞു.
