Zygo-Ad

പയ്യന്നൂരിൽ സ്ഥാപനത്തിന്റെ ഓഹരി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി

 


പയ്യന്നൂർ: വ്യവസായ സ്ഥാപനത്തിൽ 50 ശതമാനം പങ്കാളിത്തം വാഗ്ദാനം ചെയ്ത് 22 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം സ്വദേശിനി ബുഷ്റ നൽകിയ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് നടപടി. കൊറ്റി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഹായത്ത് ഫുഡ് ആൻഡ് സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ ഇ. മുഹമ്മദ് ഫാറൂഖ്, എൻ.പി.കെ. താഹിറ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിന്റെ പകുതി ഓഹരി നൽകാമെന്ന് ഉറപ്പുനൽകി പ്രതികൾ പരാതിക്കാരിയിൽ നിന്ന് പലതവണകളായി പണം വാങ്ങുകയായിരുന്നു. 2023 ജൂലൈ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ 39 തവണകളായി ആകെ 22,62,000 രൂപ കൈപ്പറ്റിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കും പ്രതികളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കുമാണ് പണം കൈമാറിയത്. പണം നൽകിയിട്ടും വാഗ്ദാനം ചെയ്ത പങ്കാളിത്തം നൽകുകയോ തുക തിരിച്ചുനൽകുകയോ ചെയ്യാത്തതിനെ തുടർന്നാണ് യുവതി നിയമനടപടി സ്വീകരിച്ചത്.

 

Previous Post Next Post