Zygo-Ad

ജീർണ്ണതകൾ തിരുത്താതെ മുന്നോട്ട് പോകാനാവില്ലെന്ന് പി ജയരാജൻ


 കണ്ണൂർ: പാർലമെന്ററി വ്യവസ്ഥയുടെ ഭാഗമാകുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ കടന്നുവരുന്ന ജീർണ്ണതകൾ ചർച്ച ചെയ്ത് തിരുത്തണമെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഇത്തരം തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ജനങ്ങൾക്കിടയിൽ പാർട്ടിക്കുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂർത്തമായ പ്രശ്നങ്ങൾ പരിശോധിച്ച് തിരുത്താതെ പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടിയെ തിരിച്ചുപിടിക്കാൻ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടിക്കകത്താണ് നടക്കേണ്ടത്. പ്രവർത്തകർക്കും അനുഭാവികൾക്കും ഉള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതെ പാർട്ടി നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടതെന്നും കത്തുകളിലൂടെയുള്ള ഇത്തരം അഭിപ്രായങ്ങൾ ഗൗരവമായി പരിഗണിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കരുത്തുള്ള പ്രസ്ഥാനമാണിതെന്നും വലതുപക്ഷത്തിനെതിരായ പോരാട്ടം തുടരുമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

 

Previous Post Next Post