Zygo-Ad

ദേശീയപാത നിർമാണം; ചാലയിൽ സർവീസ് റോഡ് ഒരുങ്ങുന്നു, ഒപ്പം മൺഭിത്തി അപകടഭീഷണിയും


 കണ്ണൂർ: ചാലയിൽ സർവീസ് റോഡിന്റെ നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും, പ്രദേശത്തെ വലിയ മൺഭിത്തി മണ്ണിടിച്ചിൽ ഭീതിയുയർത്തുന്നു. ചാല അമ്പലം പരിസരത്ത് ആറ്റടപ്പ റോഡ് തുടങ്ങുന്ന ഭാഗത്തെ സർവീസ് റോഡിന്റെ ഒരു വശം വലിയ മൺഭിത്തിയാണ്. ഇതിന് ആവശ്യമായ സംരക്ഷണഭിത്തി നിർമിക്കാത്തതാണ് ഇപ്പോൾ അപകട ഭീഷണിയാകുന്നത്. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ഇനി മഴ കഴിഞ്ഞാലേ സംരക്ഷണഭിത്തി നിർമിക്കാനാവൂ എന്നതാണ് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നത്.

ചാലയിലും കിഴുത്തള്ളിയിലും സർവീസ് റോഡ് നിർമാണത്തിന് ആവശ്യമായ സ്ഥലമില്ലാത്തതിനാലാണ് ഈ ഭാഗങ്ങളിൽ പ്രവൃത്തികൾ വൈകിയത്. ഇവിടെ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതേയുള്ളൂ. നിലവിൽ സ്ഥലമുടമകൾക്ക് കരാർ കമ്പനി താൽകാലികമായി പണം നൽകിയാണ് ചാലയിൽ നിർമാണം ആരംഭിച്ചത്. എന്നാൽ കിഴുത്തള്ളിയിൽ ഇതുവരെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനായിട്ടില്ല.

ചാലയിൽ താഴ്ചയിൽ മണ്ണെടുത്താണ് സർവീസ് റോഡ് നിർമിക്കുന്നത്. അതിനാൽ ആറുവരിപ്പാതയുടെ അതേ ഉയരത്തിലുള്ള മൺഭിത്തിയാണ് ഒരു വശത്തുള്ളത്. ഇവിടെ നേരത്തെ സ്ഥലമേറ്റെടുത്തയിടങ്ങളിൽ മണ്ണിടിച്ചിൽ തടയാനായി സോയിൽ നെയിലിങ് മാത്രമാണ് നടത്തിയിരുന്നത്. ഇതിന്റെ ബാക്കി ഭാഗത്താണ് ഇപ്പോൾ മണ്ണെടുത്തിരിക്കുന്നത്. ഈ പുതിയ ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചിട്ടില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത് തന്നെ ഒരു വീടുമുണ്ട്. ഇവിടെ ഉയരം കൂടുതലായതിനാൽ സംരക്ഷണഭിത്തി നിർമിക്കാനാണ് കരാർ കമ്പനിയുടെ തീരുമാനമെങ്കിലും കനത്ത മഴ തുടങ്ങിയതിനാൽ ഇപ്പോൾ പ്രവൃത്തികൾ നടത്താനാകില്ല.

ഇവിടെ സർവീസ് റോഡിന്റെ വീതി 6.75 മീറ്ററാണ്. ഒരു വശത്ത് ദേശീയപാതയുടെ ഉയരമുള്ള ഭിത്തിയും മറുഭാഗത്ത് വലിയ മൺഭിത്തിയുമാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കി ഇതുവഴി ഗതാഗതം അനുവദിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. എന്നാൽ മഴ കനക്കുന്നതോടെ ഈ മൺഭിത്തി വലിയ അപകടഭീഷണിയാകും. വീതി കുറഞ്ഞ റോഡായതിനാൽ നേരിയ മണ്ണിടിച്ചിലുണ്ടായാൽ പോലും ഗതാഗതം പൂർണ്ണമായി മുടങ്ങും. കഴിഞ്ഞവർഷം കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിൽ വലിയ ഭീതിയുണ്ടാക്കിയിരുന്നു.

അതേസമയം കിഴുത്തള്ളിയിൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയായ ശേഷമേ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കൂ എന്ന നിലപാടിലാണ് സ്ഥലമുടമകൾ. താൽകാലികമായി പണം നൽകി നിർമാണം തുടങ്ങാൻ കരാർ കമ്പനി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ നിലവിലുള്ള വീതി ഉപയോഗിച്ച് ഗതാഗതം അനുവദിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നത്. ഇതിനായി റോഡിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ചാലയിൽ ദേശീയപാത നിർമാണം സജീവമായതോടെ പ്രദേശത്ത് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കൂത്തുപറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്കുള്ള വാഹനങ്ങൾ ചാലയിൽനിന്ന് മിംസ് ആശുപത്രി കഴിഞ്ഞ് ദേശീയപാതയിലേക്ക് കയറിയാണ് പോകുന്നത്. കണ്ണൂരിൽനിന്നുള്ള വാഹനങ്ങൾ ചാലക്കുന്നിനുശേഷം ദേശീയപാതയിലേക്ക് കയറി പാലം കടന്ന് മിംസ് വഴിയുള്ള സർവീസ് റോഡിലൂടെ ചാല അമ്പലത്തിനടുത്തെത്തി, പാലത്തിനടിയിലൂടെയാണ് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നത്. നിലവിൽ വലിയ പ്രശ്നമില്ലെങ്കിലും ചില സമയങ്ങളിൽ ഇവിടെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചാല അമ്പലത്തിനുമുന്നിലെ ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതും പ്രശ്നമാണ്. മഴ കനക്കുന്നതോടെ കുരുക്ക് വർധിക്കാൻ സാധ്യതയുള്ളതിനാലാണ് ദൂരം കുറയ്ക്കുക ലക്ഷ്യമിട്ട് സർവീസ് റോഡിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.

 

Previous Post Next Post