Zygo-Ad

കണ്ണീര്‍ മഴയത്ത് മണ്ണിലേക്ക് അമാന്റെ മടക്കം: ദു:ഖസാഗരമായി പള്ളി പരിസരം


കണ്ണൂർ: കണ്ണീർ മഴയത്ത് അകാലത്തില്‍ പൊലിഞ്ഞ അമാനെന്ന നാലാം ക്ളാസുകാരൻ തേങ്ങലായി മണ്ണിലേക്ക് മടങ്ങി.ആ പിഞ്ചുപൈതലിന് എങ്ങനെ വിടചൊല്ലുമെന്നറിയാതെ വിങ്ങുകയായിരുന്നു പുന്നക്കപ്പാറ മൊയ്തീൻ പള്ളിമുറ്റത്തെത്തിയ മനുഷ്യരൊന്നാകെ.

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞ് വെള്ളത്തുണിയില്‍ പൊതിഞ്ഞു കൊണ്ടുവന്ന കുഞ്ഞുശരീരം പൊതുദർശനത്തിന് വെച്ചപ്പോള്‍ തേങ്ങലുകള്‍ കണ്ണീർ മഴയായി.

കൂട്ടുകാരോടൊത്ത് ഇന്നലെ രാവിലെ പതിനൊന്നയോടെപടക്കം പൊട്ടിക്കവേ ഗുരുതരമായി പരുക്കേറ്റ് ദാരുണമായി മരിച്ച അമാന്റെ(9) മൃതദേഹം ഒരുനോക്കു കാണാൻ വൻ ജനാവലിയാണ് എത്തിയത്.

 പാഠപുസ്‌തകങ്ങളും കുടയുമായി വേനലവധി കഴിയുമ്പോള്‍ കൂട്ടുകാർക്കൊപ്പം സ്‌കൂളിലേക്ക് പോകാനൊരുങ്ങവെയാണ് അമാനെ മരണം മാടിവിളിച്ചത്. 

യു.ഡി എഫ് സർക്കാറിന്റെ സത്യപ്രതി ജ്ഞയുമായി ബന്ധപ്പെട്ട ആഘോഷത്തിലായിരുന്നു പുന്നക്കപ്പാറയിലെ പൊതുപ്രവർത്തകർ. ഇതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. അഴീക്കോട് മേഖലയിലടക്കം വൈകിട്ടെത്തിയ ദുരന്ത വാർത്തയറിഞ്ഞ് നിശ്ചലമായി. വിവരമറിഞ്ഞ് ഇന്നലെ വൈകീട്ട് മുതല്‍ അമാൻ്റെ വീട്ടിലേക്ക് ജനപ്രതി നിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവാഹമായിരുന്നു.

 നിയുക്ത എംഎല്‍എ കെ വി സുമേഷ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു. അമാൻ്റെ ഭൗതിക ശരീരം വൻകുളത്ത് വയല്‍ ജുമാ മസ്‌ജിദ് ഖബർ സ്ഥാനില്‍ ഖബറടക്കി.

ഇന്നലെ നടന്ന ദാരുണ സം ഭവത്തില്‍ അമാൻ്റെ സഹോദരൻ അൻഫാലിന് ഇനിയും ഞെട്ടല്‍ വിട്ടുമാറിയില്ല. ഫുട്ബോള്‍ കളിയെ അത്രമാത്രം നെഞ്ചിലേറ്റുന്ന തൻ്റെ കൂടെ കളിക്കാനെത്തിയ അനുജൻ മുഖത്തു നിന്നും ചോരയൊലിച്ചു വെള്ളത്തില്‍ വീണു കിടക്കുന്ന കാഴ്ച്ച ആ കുഞ്ഞു മനസിനെ അത്രയും ഭീതിപ്പെടുത്തിയിരുന്നു.

 പൊട്ടിത്തെറി കേട്ട് ചുറ്റിലുമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ഭയന്ന് നിലവിളിക്കുകയായിരുന്നു. ഇതിനിടെയാണ് ഫയർഫോഴ്സില്‍ നിന്നും വിരമിച്ച മുസ്തഫ കുട്ടിയെ വാരിയെടുത്ത് റോഡില്‍ എത്തിച്ചത്. 

അതുവഴി സ്‌കൂട്ടറില്‍ തൊട്ടടുത്ത കടയിലേക്ക് പോവുകയായിരുന്ന മത്സ്യതൊഴിലാളിയായ പി വി പ്രശാന്താണ് ഉടനെ കുട്ടിയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് എത്തിച്ചത്. വൻകുളത്ത് വയല്‍ എത്തിയപ്പോള്‍ ആംബുലൻസിലേക്ക് മാറ്റി ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു.

സമീപത്തെ കുട്ടികള്‍ സ്ഥിരമായി ഫുട്ബോള്‍ കളിക്കുന്ന ഗ്രൗണ്ടിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കളിക്കാനെത്തിയ കുട്ടികള്‍ ശേഖരിച്ച പടക്കം അപകടകരമാം വിധം കൈകാര്യം ചെയ്‌തതാണ് ദാരുണ സംഭവ ത്തിനിടയായത്. 

ഗ്രൗണ്ടില്‍ അപകടം നടന്ന സ്ഥലത്ത് രക്തം തളം കെട്ടി കിടക്കുകയാണ്. കുട്ടികളുടെ ചെരിപ്പും ഗ്രൗണ്ടില്‍ കിടപ്പുണ്ട്. രണ്ട് ഫുട്ബോളും ഗ്രൗണ്ടില്‍ കിടപ്പുണ്ടായിരുന്നു. 

ഇന്നലെ സംഭവ സ്ഥലത്തും കുട്ടിയുടെ വീട്ടിലും ഏറെ നേരം ഉണ്ടായിരുന്ന കെ വി സുമേഷ് എംഎല്‍എ ബന്ധുക്കളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. മുസ്‌ലിം ലീഗ് നേതാവ് അബ്ദുല്‍ കരീം ചേലേരി ഉള്‍പ്പെടെയുള്ള വിവിധ പാർട്ടി നേതാക്കളും വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ചു.

Previous Post Next Post