Zygo-Ad

കണ്ണൂരിൽ പനി പടരുന്നു; ഡെങ്കിപ്പനി ബാധിതർ 237 ആയി, മൂന്ന് മരണം


കണ്ണൂർ: ജില്ലയിൽ കാലവർഷം ആരംഭിച്ചതോടെ പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പനിക്കൊപ്പം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ ജില്ലയിലാകെ 42,376 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ഔദ്യോഗിക കണക്കുകൾ.

 ഇതിൽ 692 പേരെ വിവിധ ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 237 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ മൂന്ന് പേർ മരണപ്പെടുകയും ചെയ്തു.

ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മാങ്ങാട്ടിടം പഞ്ചായത്തിലാണ്. ഇവിടെ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഴീക്കോട്, എടക്കാട്, കുന്നോത്തുപറമ്പ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 

ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലെ ഡെങ്കിപ്പനി കണക്കുകൾ പരിശോധിച്ചാൽ കണ്ണൂർ കോർപ്പറേഷനിൽ 17, ചെങ്ങളായിൽ 12, ചപ്പാരപ്പടവിൽ 12, മട്ടന്നൂർ നഗരസഭയിൽ 11, പിണറായിൽ 10, വേങ്ങാട് 9, തലശേരി നഗരസഭയിൽ 8, ആറളത്ത് 8, ഉളിക്കലിൽ 7 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഇടവിട്ട് പെയ്യുന്ന മഴ കൊതുക് പെരുകാനും അതുവഴി ഡെങ്കിപ്പനി കേസുകൾ ഇനിയും വർധിക്കാനും കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൊതുജനങ്ങൾ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.

 മാലിന്യങ്ങൾ കൃത്യമായി ഉറവിടങ്ങളിൽ തന്നെ നിർമാർജ്ജനം ചെയ്യാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ആരോഗ്യവകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Previous Post Next Post