വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ധനലക്ഷ്മി, കൊയിലി, സ്പെഷ്യാലിറ്റി, കിംസ്റ്റ്, ആശിർവാദ് ആശുപത്രികൾക്ക് മുമ്പിൽ സമരപ്പന്തലുകൾ ഉയർത്തി. നഴ്സുമാർ ജോലികൾ ബഹിഷ്കരിച്ച് സമരത്തിൽ പങ്കെടുത്തു.
ഫാത്തിമ ആശുപത്രിയിൽ ആവശ്യത്തിന് സ്റ്റാഫുകൾ കുറവായതിനാൽ അവിടെ ജോലിയിൽ പ്രവേശിച്ച നഴ്സുമാർ ധനലക്ഷ്മിയിലെ സമരപ്പന്തലിന് മുന്നിലെത്തി പിന്തുണ നൽകി. സമരം തുടരുന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടിട്ടുണ്ട്.
