Zygo-Ad

സുഹൃത്തിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന പാപ്പിനിശേരി സ്വദേശി മരിച്ചു

 


കണ്ണൂർ: പാപ്പിനിശേരിയിൽ സുഹൃത്തിന്റെ ചുറ്റിക കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാപ്പിനിശേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കളത്തേര പ്രശാന്ത് ആണ് മരിച്ചത്. നാല്പത്തിയാറ് വയസായിരുന്നു. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപം താമസിച്ചിരുന്ന ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടിൽ കയറി ആക്രമിച്ചത്.

കഴിഞ്ഞ ഏപ്രിൽ 18ന് രാവിലെയായിരുന്നു സംഭവം നടന്നത്. ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ വീട്ടിൽ കുടിവെള്ളം ആവശ്യപ്പെട്ടാണ് ഷഫീഖ് എത്തിയത്. തുടർന്ന് ഇയാൾക്കായി തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കാൻ പ്രശാന്ത് അടുക്കളയിലേക്ക് പോയ സമയത്ത് ഷഫീഖ് പുറകിലൂടെ എത്തി വീട്ടിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഷഫീഖ് അന്നുതന്നെ പാപ്പിനിശേരിയിൽ വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കണ്ണൂരിലെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് ഇപ്പോൾ മരണത്തിന് കീഴടങ്ങിയത്.

കളത്തേര രാമകൃഷ്ണന്റെയും കാക്കാമണി ശാന്തയുടെയും മകനാണ് പ്രശാന്ത്. കണ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റായ അരുണിമയാണ് ഭാര്യ. വസുദേവ്, വാമിക എന്നിവർ മക്കളാണ്. പ്രമോദ്, പ്രസീത എന്നിവർ സഹോദരങ്ങളാണ്.



Previous Post Next Post