തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വഴി പ്രതിമാസം കോടികളുടെ അധിക ബാധ്യതയുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിക്ക് സമർപ്പിച്ച കെഎസ്ആർടിസിയുടെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എല്ലാ വിഭാഗം ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ കെഎസ്ആർടിസിക്ക് പ്രതിമാസം 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയാൽ 57 കോടി രൂപയുടെയും, ഓർഡിനറി ഒപ്പം സിറ്റി ഫാസ്റ്റ് ബസുകളിലും നടപ്പിലാക്കിയാൽ 65 കോടി രൂപയുടെയും നഷ്ടം നേരിടേണ്ടി വരും. തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ജൂൺ 15 മുതൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇത് കെഎസ്ആർടിസിയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
നിലവിൽ ശമ്പള വിതരണത്തിനായി 50 കോടിയും പെൻഷൻ വിതരണത്തിനായി 75 കോടിയും ഉൾപ്പെടെ പ്രതിമാസം 125 കോടി രൂപയുടെ സർക്കാർ സഹായത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ട് പോകുന്നത്. പുതിയ പദ്ധതി കൂടി പ്രാവർത്തികമാക്കണമെങ്കിൽ പ്രതിമാസം 150 കോടി രൂപ കൂടി സർക്കാർ അധികമായി കെഎസ്ആർടിസിക്ക് നൽകേണ്ടി വരും. ഇത് സംസ്ഥാന ഖജനാവിന് താങ്ങാൻ കഴിയുന്നതാണോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത് തങ്ങളുടെ ശമ്പളം കൃത്യമായി ലഭിക്കുന്നതിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കെഎസ്ആർടിസി ജീവനക്കാർ. ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ആർടിസി മാതൃക പിന്തുടർന്ന് കോർപ്പറേഷനെ പൊതുമേഖലയിൽ നിലനിർത്തിക്കൊണ്ടുതന്നെ, ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക ഉത്തരവാദിത്തം സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
