കണ്ണൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സർവീസുകളിൽ റെക്കോർഡ് നേട്ടവുമായി കണ്ണൂർ ഡിപ്പോ മുന്നേറ്റം തുടരുന്നു. സംസ്ഥാനത്തെ മറ്റ് ഡിപ്പോകളെ പിന്നിലാക്കി തുടർച്ചയായ രണ്ടാം വർഷവും കണ്ണൂരാണ് വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത്. ഈ മാസം 19 ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ജില്ലാ അടിസ്ഥാനത്തിലും കണ്ണൂർ തന്നെയാണ് ഒന്നാമത്. മേയ് 19 രാത്രി വരെയുള്ള കണക്കനുസരിച്ച് 42 ലക്ഷം രൂപയാണ് ജില്ലയിലെ ആകെ വരുമാനം. ഈ മാസത്തെ ശേഷിക്കുന്ന ദിവസങ്ങളിലെ പാക്കേജുകളിലേക്കുള്ള ബുക്കിങ്ങും ഇതിനകം പൂർത്തിയായിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തായിരുന്നു. കൂടുതൽ ഡിപ്പോകളും ഡബിൾ ഡക്കർ സർവീസുകളുമുള്ള തിരുവനന്തപുരവും എറണാകുളവുമായിരുന്നു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എന്നാൽ ഈ വെല്ലുവിളികളെയെല്ലാം മറികടന്നാണ് സാധാരണ ടൂർ പാക്കേജുകൾ മാത്രം നടത്തി കണ്ണൂർ ജില്ല വീണ്ടും ഒന്നാമതെത്തിയത്. കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച പ്രതിമാസ വരുമാന ലക്ഷ്യം 56 ലക്ഷം രൂപയാണ്. മാസം അവസാനിക്കാൻ 11 ദിവസങ്ങൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്താൻ ഇനി 14 ലക്ഷം രൂപ കൂടി മാത്രം മതിയാകും. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്നാണ് ജില്ലയിൽ നിലവിൽ ടൂറിസം സർവീസുകൾ പ്രവർത്തിക്കുന്നത്.
വാഗമൺ, ഗവി, മൂന്നാർ, കൊല്ലൂർ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ദ്വിദിന യാത്രകളും നിലമ്പൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഏകദിന യാത്രകളും ഗുരുവായൂർ, മൂകാംബിക തീർത്ഥാടന യാത്രകളുമാണ് കണ്ണൂരിൽ നിന്ന് പ്രധാനമായും ഒരുക്കിയിട്ടുള്ളത്. സാധാരണ സർവീസുകളിലെ വരുമാന നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് വലിയ തോതിൽ തുണയാകുന്നത് ഈ ബജറ്റ് ടൂറിസം പദ്ധതിയാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ 1500 സർവീസുകൾ കണ്ണൂരിൽ നിന്ന് പൂർത്തിയാക്കിയിട്ടുണ്ട്.
കണ്ണൂർ ഡിപ്പോ മാത്രം മേയ് 19 വരെ 23.50 ലക്ഷം രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. 30 ലക്ഷം രൂപയാണ് ഡിപ്പോയുടെ പ്രതിമാസ ലക്ഷ്യം. കുറഞ്ഞത് 30 സീറ്റുകളിലെങ്കിലും ബുക്കിങ് പൂർത്തിയായാൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ എന്ന നിബന്ധനയുമുണ്ട്. വരും മാസങ്ങളായ ജൂൺ, ജൂലായ് കാലയളവിൽ വിപുലമായ മൺസൂൺ പാക്കേജുകൾ അവതരിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. മലക്കപ്പാറ, നെല്ലിയാമ്പതി, വാഗമൺ എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രകളും വയനാട്, പൈതൽമല, റാണിപുരം, നിലമ്പൂർ എന്നിവിടങ്ങളിലേക്ക് ഏകദിന യാത്രകളും ഈ മൺസൂൺ പാക്കേജിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നുണ്ട്.
