കണ്ണൂർ: സ്വാശ്രയ കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ അനുവദിക്കാതെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ നടപടി. കാലോചിതമായി പരിഷ്കരിച്ച പുതിയ കോഴ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോളേജ് മാനേജ്മെന്റുകൾ നേരത്തെ തന്നെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പുതിയ അക്കാദമിക് വർഷം ആരംഭിക്കാറായിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ തുടർനടപടികളും ഉണ്ടായിട്ടില്ല.
സ്വാശ്രയ കോളേജുകളിൽ യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കണമെന്ന ഗവർണറുടെ ഉത്തരവിനെ പിൻപറ്റിയാണ് വൈസ് ചാൻസലറുടെ ഈ നടപടി. യോഗ്യരായ അധ്യാപകരില്ലാതെ പുതിയ കോഴ്സുകൾക്ക് അനുമതി നൽകരുതെന്നാണ് ഗവർണറുടെ നിർദ്ദേശം. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനായി കഴിഞ്ഞ നവംബറിൽ തന്നെ സ്വാശ്രയ കോളേജുകൾ സർവകലാശാലയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നതാണ്.
എന്നാൽ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കോഴ്സുകൾ നടത്തുന്നതിന് ആവശ്യമായ യോഗ്യതയുള്ള അധ്യാപകർ കോളേജുകളിലുണ്ടോയെന്നോ, അതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമാണോയെന്നോ പരിശോധിക്കാനുള്ള നടപടികൾ പോലും സർവകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സർവകലാശാലയുടെ ഈ മെല്ലെപ്പോക്ക് നയം കാരണം ഈ അക്കാദമിക് വർഷത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകളൊന്നും തന്നെ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇത് പുതിയ കോഴ്സുകൾ പ്രതീക്ഷിച്ചിരുന്ന വിദ്യാർത്ഥികൾക്കും മാനേജ്മെന്റുകൾക്കും വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.
