കണ്ണൂർ: സില്‍വർ ലൈൻ പദ്ധതി റദ്ദാക്കിയതായി യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികള്‍ പിഴുതെറിഞ്ഞും ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കെ-റെയില്‍ വിരുദ്ധ സമിതി പ്രവർത്തകർ.
കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞു. സ്ഥാനമൊഴിഞ്ഞ പിണറായി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങളർപ്പിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മഞ്ഞക്കുറ്റികള്‍ പിഴുതെടുത്തെറിഞ്ഞത്.
കണ്ണൂരില്‍ നടന്ന മഞ്ഞക്കുറ്റി പിഴുതെടുക്കല്‍ കെപിസിസി അംഗം റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
കുടിയൊഴിക്കപ്പെടുമെന്ന ആശങ്കയിലും ഭീതിയിലും കഴിഞ്ഞ കേരളീയ ജനതയെ സമാധാന ജീവിതത്തിലേക്കാണ് പദ്ധതി റദ്ദാക്കിയതിലൂടെ വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാർ കൈ പിടിച്ചെത്തിച്ചിരിക്കുന്നതെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. എം.കെ. വരുണ്‍, രാഹുല്‍, സുധീഷ്, റജിൻ ബാബു എന്നിവർ നേതൃത്വം നല്‍കി.
മാടായിപ്പാറയില്‍ സില്‍വർ ലൈൻ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മഞ്ഞക്കുറ്റികള്‍ പിഴുതു മാറ്റി. സില്‍വർ ലൈൻ വിരുദ്ധ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ എ.പി.ബദറുദ്ദീന്റെ നേതൃത്വത്തില്‍ സമര സമിതി പ്രവർത്തകർ മാടായിപള്ളി ശ്മശാന പറമ്പിലെ മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്തു.
മറ്റിടങ്ങളിലുള്ളവ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ നീക്കം ചെയ്യുമെന്ന് സംസ്ഥാന സമിതി അംഗം കെപി. ചന്ദ്രാംഗദൻ പറഞ്ഞു.എ.വി. രാജേന്ദ്രൻ ,പട്ടേരി രാമചന്ദ്രങ്ങള്‍ ,വി. വി .ചന്ദ്രൻ, പാറയില്‍ കൃഷ്ണൻ, ബി.സല്‍മ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ ഗേറ്റിന് പരിസരത്തുള്ള സില്‍വർ ലൈൻ കുറ്റികൾ പിഴുതു മാറ്റി.
പദ്ധതി പാതിവഴിയിലായി ഭൂമി നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയ മഞ്ഞക്കുറ്റികൾ പിഴുത് മാറ്റുന്നതിലൂടെ ജീവിതം വഴിമുട്ടിയവർക്ക് പുതിയ പ്രതീക്ഷകൾ നൽകുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി രതീഷ് കാട്ടുമാടം, നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന് ഉപ്പിലിക്കൈ, എച്ച്.ആർ. വിനീത്, ശ്രീജിത് പുതുക്കുന്ന്, ശരത് ചന്ദ്രൻ, കൃഷ്ണലാൽ തോയമ്മൽ, പ്രതീഷ് കല്ലഞ്ചിറ, ഊഷ്മ പ്രസാദ്, സുനീഷ് അരയി, സുഭേഷ് കാർത്തിക, സജിത്ത് ലാൽ എന്നിവർ നേതൃത്വം നല്കി.
പടന്ന: പടന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയാണ് മഞ്ഞക്കുറ്റി പിഴുതെടുത്തത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. അനില്‍കുമാർ, ഡികെടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ജതീന്ദ്രൻ, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ.ജി. കമറുദീൻ, വൈസ് പ്രസിഡന്റ് പി.കെ. താജുദീൻ, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. രതില, പി.വി. അനില്‍കുമാർ, കെ. ഫിറോസ്, പി. രവീന്ദ്രൻ നായർ, കെ.പി. ജയദേവൻ, സി. സുരേഷ്, പി.പി. കുഞ്ഞികൃഷ്ണൻ, എം.വി. പ്രദീപ്, കെ. അജിത, വി. ബാബുരാജ്, വി. ജയരാജൻ, കെ. അനീഷ്കുമാർ എന്നിവർ നേതൃത്വം നല്‍കി.
