കണ്ണൂർ: മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള ആഴത്തിലുള്ള മണ്ണെടുപ്പ് മഴ കഴിഞ്ഞശേഷമേ പുനരാരംഭിക്കൂ. മണ്ണിന് ഉറപ്പില്ലാത്ത സ്ഥലങ്ങളിലും മഴ കഴിഞ്ഞ ശേഷമേ നിർമാണപ്രവർത്തനങ്ങൾ നടത്തുകയുള്ളൂ. കഴിഞ്ഞ വർഷം പലയിടത്തും വലിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്നാണ് തങ്കേക്കുന്ന് അടക്കമുള്ള അപകടസാധ്യതാ പ്രദേശങ്ങളിൽ മണ്ണെടുക്കലും സംരക്ഷണഭിത്തി നിർമാണവുമടക്കമുള്ള പ്രവൃത്തികൾ മഴക്കാലത്ത് താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്.
ദേശീയപാത കണ്ണൂർ ബൈപാസ് നിർമാണം നടക്കുന്ന കോട്ടക്കുന്ന്, തങ്കേക്കുന്ന്, മുണ്ടയാട്, ചാല, എടക്കാട് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ ആഴത്തിൽ മണ്ണെടുത്തിട്ടുള്ളത്. ചിലയിടങ്ങളിൽ വലിയ ഉയരത്തിലാണ് റോഡിന്റെ പാർശ്വഭിത്തിയുള്ളത്. കോട്ടക്കുന്ന്, മുണ്ടയാട്, എടക്കാട് എന്നിവിടങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചുകഴിഞ്ഞു. ചാലയിൽ മുത്തപ്പൻ ക്ഷേത്രം പരിസരത്ത് സംരക്ഷണഭിത്തി പൂർത്തിയായെങ്കിലും ആറ്റടപ്പ റോഡ് തുടങ്ങുന്നതിന് സമീപം ഉയരത്തിലുള്ള മൺഭിത്തിയുണ്ട്. സമീപദിവസങ്ങളിലാണ് ഇവിടെ സർവീസ് റോഡിനുള്ള മണ്ണെടുത്തത്. നേരത്തെ ഏറ്റെടുത്ത ഭൂമി സർവീസ് റോഡ് നിർമാണത്തിന് പര്യാപ്തമായിരുന്നില്ല. സ്ഥലമേറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിനായി കരാർ കമ്പനി സ്ഥലമുടമകളുമായി പ്രത്യേകം കരാറുണ്ടാക്കുകയായിരുന്നു. ഇവിടെയും സംരക്ഷണഭിത്തി നിർമിച്ചാലേ മണ്ണിടിച്ചിൽ ഭീഷണി തടയാനാകൂ.
തങ്കേക്കുന്നിൽ പത്ത് മീറ്ററോളം ആഴത്തിലാണ് ദേശീയപാത നിർമാണം പുരോഗമിക്കുന്നത്. മണ്ണെടുത്തതോടെ അരികിലുള്ള വീടുകളുടെയടക്കം നിലനിൽപ്പ് ഭീഷണിയിലായിട്ടുണ്ട്. അടിഭാഗത്ത് പശിമയുള്ള മണ്ണായതിനാൽ ഏത് സമയത്തും ഇടിയാൻ സാധ്യതയുള്ളതിനാൽ ഇവിടെ താൽകാലികമായി മണ്ണുനീക്കൽ നിർത്തിയിരിക്കുകയാണ്. മണ്ണെടുത്ത ഇത്തരം അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മഴവെള്ളം ഇറങ്ങാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിട്ടുണ്ട്. ഇപ്പോൾ മണ്ണെടുത്താൽ മഴക്കാലം ശക്തിപ്പെടുന്നതിന് മുമ്പ് സംരക്ഷണഭിത്തി നിർമാണമടക്കമുള്ളവ പൂർത്തിയാക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് നടപടി. മുട്ടോലം പാറയിൽ കഴിഞ്ഞവർഷം മണ്ണിടിഞ്ഞത് പ്രദേശത്ത് വലിയ ഭീതിയുണ്ടാക്കിയിരുന്നു.
ആഴത്തിൽ മണ്ണെടുക്കുന്നയിടങ്ങളിൽ കോൺക്രീറ്റ് സംരക്ഷണഭിത്തികൾ, ഗാബിയൻ വാൾ, സോയിൽ നെയിലിങ് എന്നിങ്ങനെ മൂന്നുതരത്തിലുള്ള സംരക്ഷണ ഭിത്തികളാണ് നിർമിക്കുന്നത്. കൂടുതൽ അപകടസാധ്യതയുള്ളിടത്തും ഉയരക്കൂടുതലുള്ളിടത്തുമാണ് കോൺക്രീറ്റ് ഭിത്തികൾ നിർമിക്കുന്നത്. അടിഭാഗത്ത് മൂന്നടിയോളം വീതിയിൽ നിർമിക്കുന്ന ഭിത്തികൾ മുകളിലെത്തുമ്പോൾ ഒരടിയായി ചുരുങ്ങും. ഉയരത്തെ ആശ്രയിച്ചാണ് ഇതിന്റെ നിർമാണം. ചിലയിടങ്ങളിൽ പകുതി കോൺക്രീറ്റും ബാക്കിഭാഗം ഇരുമ്പ് ഗ്രില്ലിൽ മെറ്റൽ നിറച്ചുള്ള ഗാബിയൻ വാളും ആക്കുന്നുണ്ട്. മണ്ണിടിച്ചിൽ സാധ്യത താരതമ്യേന കുറവുള്ളിടത്താണ് സോയിൽ നെയിലിങ് നടത്തുക. സോയിൽ നെയിലിങ് നടത്തിയ ഇടങ്ങളിലും മണ്ണിടിച്ചിൽ സാധ്യത കാണുമ്പോൾ മറ്റ് നിർമാണങ്ങളിലേക്ക് മാറ്റാറുണ്ട്. തങ്കേക്കുന്നിൽ മുൻപ് സോയിൽ നെയിലിങ് നടത്തിയയിടങ്ങളിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് പിന്നീട് ഗാബിയൻ വാൾ നിർമിച്ചിരുന്നു.
