കണ്ണൂർ: പെരളശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ കാൽ വഴുതിവീണ് അപകടത്തിൽപ്പെട്ട പതിനഞ്ചുകാരിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷപെടുത്തി കൂട്ടുകാർ. മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തിൽ വീണ് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്ന പെൺകുട്ടിയെയാണ് ഒപ്പമുണ്ടായിരുന്ന കീഴറ സ്വദേശിനി റിഷിക രജിലും മയ്യിൽ സ്വദേശി റിഥിൻ രാജും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും തക്കസമയത്തുള്ള ഇടപെടലും അസാമാന്യ ധീരതയുമാണ് നാടിനെ നടുക്കുമായിരുന്ന വലിയൊരു ദുരന്തം ഒഴിവാക്കിയത്.
കുളത്തിലെ ആഴമേറിയ വെള്ളത്തിൽ വീണ് പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ടയുടൻ റിഷികയും റിഥിനും ഒട്ടും മടിച്ചുനിൽക്കാതെ ഒന്നിച്ച് വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ ജീവനായി പിടയുകയായിരുന്ന കുട്ടിയെ ഇരുവരും ചേർന്ന് ശരീരബലം ഉപയോഗിച്ച് താങ്ങിനിർത്തുകയും ഏറെ പ്രയത്നപ്പെട്ട് സാഹസികമായി കുളത്തിന്റെ കരയിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.
കീഴറയിലെ ശില്പയുടെയും ആർമി ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിഷിക. പെരളശ്ശേരി എ.കെ.ജി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ റിഷിക സ്കൂളിലെ സജീവ എൻ.സി.സി കേഡറ്റ് കൂടിയാണ്. എൻ.സി.സി പരിശീലനത്തിലൂടെ തനിക്ക് ലഭിച്ച മനോധൈര്യമാണ് അപകടം കണ്ട നിമിഷത്തിൽ ഒട്ടും പരിഭ്രമിക്കാതെ കുളത്തിലേക്ക് ഇറങ്ങാൻ കരുത്തായതെന്ന് റിഷിക പറയുന്നു. അപകടത്തിൽപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയോടൊപ്പം സാഹസിക രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ റിഥിൻ രാജ്. സ്വന്തം ജീവൻ പോലും നോക്കാതെ സഹജീവികളുടെ ജീവൻ കാക്കാൻ മുന്നിട്ടിറങ്ങിയ ഈ രണ്ടു കൂട്ടുകാരുടെയും ധീരതയെ പ്രശംസിക്കുകയാണ് ഇപ്പോൾ നാട്ടുകാർ.
