Zygo-Ad

രുചിയും വിലക്കുറവും കൊണ്ട് ജനഹൃദയങ്ങളിലിടം പിടിച്ച കണ്ണൂര്‍ സെൻട്രല്‍ ജയില്‍ വിഭവങ്ങള്‍ ഇനി കണ്ണൂര്‍ വിമാനത്താവളത്തിലും


കണ്ണൂർ: വിലക്കുറവും രുചിയും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം പിടിച്ച കണ്ണൂർ സെൻട്രല്‍ ജയില്‍ വിഭവങ്ങള്‍ മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും വിതരണം തുടങ്ങി.

ചപ്പാത്തി, ബിരിയാണി, ചില്ലി ചിക്കൻ, ചിക്കൻ കബാബ്, ചിക്കൻ കറി, മുട്ടക്കറി, വെജിറ്റബിള്‍ കറി, ലഡു, നേന്ത്രക്കായ ചിപ്സ് തുടങ്ങിയവയാണ് പ്രധാന വിഭവങ്ങള്‍.

യാത്രക്കാർ കഴിക്കുന്നതിനൊപ്പം ജയില്‍ രുചി കടല്‍ കടന്ന് പോകുന്നുവെന്നതും ശ്രദ്ധേയമാണ്. ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ 1.30 വരെയാണ് വിമാനത്താവളത്തില്‍ ജയിലിന്റെ മൊബൈല്‍ കൗണ്ടർ ഭക്ഷണവുമായെത്തുന്നത്. അതിനു ശേഷം വൈകിട്ട് ആറു മണിവരെ മട്ടന്നൂർ ബസ്സ്റ്റാൻഡിലും കൗണ്ടർ പ്രവർത്തിക്കും.

ഗുണനിലവാരമുള്ള ഭക്ഷണം മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയില്‍ അധികൃതർ വിപണന ശൃംഖല വ്യാപിപ്പിക്കുന്നത്. 

വിദേശ യാത്രയ്‌ക്കൊരുങ്ങുന്നവർ ജയില്‍ ലഡുവും ചിപ്സും വാങ്ങിക്കൊണ്ടു പോകുന്നത് പതിവായതായി വിമാനത്താവള അധികൃതർ പറയുന്നു. 10 ചപ്പാത്തി 30 രൂപയ്ക്കും ചിക്കൻ ബിരിയാണി 70 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

ഒരു കിലോ ലഡുവിന് 200 രൂപയാണ് ഈടാക്കുന്നത്. അരക്കിലോ ചിപ്സിന് 165 രൂപയും 100 ഗ്രാം ചോക്ലേറ്റിന് 60 രൂപയുമാണ് വില. ചിക്കൻ കബാബിനും (150 ഗ്രാം) ചിക്കൻ ചില്ലിക്കും (200 ഗ്രാം) 80 രൂപയാണ്. വെജിറ്റബിള്‍ ബിരിയാണിക്ക് 45 രൂപയാണ്. 200 ഗ്രാം ചിക്കൻകറി 30 രൂപയ്ക്കും വില്‍ക്കുന്നു. 20 രൂപയ്ക്ക് മുട്ടക്കറിയും കിട്ടും.

സെൻട്രല്‍ ജയിലില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരവും കുറഞ്ഞ വിലയും കൊണ്ട് വലിയ ജനപ്രീതി നേടിയവയാണെന്ന് സെൻട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണു പറഞ്ഞു. 

തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കും പുതിയ പദ്ധതി പിന്തുണയാകുമെന്നാണ് ജയില്‍ വകുപ്പ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post