കണ്ണൂർ :ഉഷ്ണകാലാവസ്ഥയും ഇതിനിടയിൽ പെയ്യുന്ന കനത്ത മഴയും സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുന്നു. വേനൽമഴ കനത്തതോടെ പനി ബാധിതരുടെ എണ്ണം ആശങ്കാജനകമാംവിധം ഉയരുകയാണ്. ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 237 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
മാങ്ങാട്ടിടം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്; 22 പേർക്ക്. കഴിഞ്ഞ ദിവസം മലപ്പട്ടത്തും ഒരു കേസ് റിപ്പോർട്ട് ചെയ്തു. അഴീക്കോട്, എടക്കാട്, കുന്നോത്തുപറമ്പ് എന്നിവിടങ്ങളിൽ ഡെങ്കിപ്പനി ബാധിച്ച് ഈ വർഷം മൂന്ന് മരണങ്ങളും നടന്നിട്ടുണ്ട്. ഇതിനുപുറമേ ശ്രീകണ്ഠാപുരം, ചിറ്റാരിപ്പറമ്പ്, കൂടാളി, കുന്നോത്തുപറമ്പ്, പെരിങ്ങോം, പാട്യം, ചിറക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തവും പടരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
പനി ബാധിക്കുന്നവരിൽ, പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗമുക്തി നേടാൻ ദീർഘനാൾ എടുക്കുന്നു എന്നത് ആരോഗ്യപ്രവർത്തകരിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. പനി കുറഞ്ഞാലും കടുത്ത ക്ഷീണം, ശരീരവേദന, ചുമ എന്നിവ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന അവസ്ഥയുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്ത് പ്രതിദിനം ആയിരത്തിലധികം പനി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് 20-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ ഏഴായിരത്തിലധികം പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. അന്ന് മാത്രം 35 ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ചു. പനി ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ ഒ.പിയിൽ എത്തിയത് മലപ്പുറം ജില്ലയിലാണ്; കഴിഞ്ഞ ദിവസം മാത്രം 1388 കേസുകൾ.
ഈ വർഷം ജനുവരിയിൽ മാത്രം സംസ്ഥാനത്ത് 1,95,865 പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാഷണൽ സെന്റർ ഫോർ വെക്ടർ ബോൺ ഡിസീസ് കൺട്രോളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 670 ഡെങ്കിപ്പനി കേസുകളും 9 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
