കണ്ണൂർ ക്യാമ്പസിലെ ആകെയുള്ള 40 സീറ്റുകളിൽ 30 എണ്ണം കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കായി നീക്കിവെച്ചിട്ടുള്ളതാണ്. ഇത് കൂടാതെ തമിഴ്നാട്ടിലെ സേലം, കർണാടകയിലെ ഗദഗ്, ആന്ധ്രാപ്രദേശിലെ വെങ്കിടഗിരി എന്നിവിടങ്ങളിലുള്ള ഐ ഐ എച്ച് ടി ക്യാമ്പസുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി പത്ത് സീറ്റുകൾ വീതം മാറ്റിവെച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. കണ്ണൂർ ക്യാമ്പസിലെ പ്രവേശന കൗൺസിലിംഗ് സമയത്ത് താല്പര്യമുള്ള മറ്റ് ക്യാമ്പസുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകാവുന്നതാണ്.
കോഴ്സിന് പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും പ്രതിമാസം 1,000 രൂപ വരെ സ്റ്റൈപൻഡ് ആനുകൂല്യം ലഭിക്കും. മുൻവർഷങ്ങളിൽ കോഴ്സ് കഴിഞ്ഞിറങ്ങിയ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും മികച്ച ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ വർഷത്തെ കോഴ്സ് ഫീസ് 8,200 രൂപയാണ്. തുടർന്നുള്ള വർഷങ്ങളിൽ ഇത് 7,200 രൂപയായിരിക്കും.
താത്പര്യമുള്ളവർക്ക് നേരിട്ടോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിച്ചവർ പ്രിന്റ്ഔട്ട് എടുത്ത് അനുബന്ധ രേഖകൾ സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി കണ്ണൂർ, കിഴുന്ന പി ഒ, തോട്ടട, കണ്ണൂർ 7 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷാ ഫോമുകൾ അടുത്ത മാസം 16 ന് മുൻപായി ഓഫീസിൽ ലഭിച്ചിരിക്കണം. പ്രവേശനത്തിന് പ്രത്യേകം അപേക്ഷാ ഫീസ് ഈടാക്കുന്നില്ല.
