കോഴിക്കോട് മാങ്കാവിൽ കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവ് പോസ്റ്റിലിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി സുനിലാണ് അപകടത്തിൽ മരിച്ചത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലെ ഏറ്റവും പിന്നിലെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ബസിൽ സുനിലിനൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. വലിയൊരു ശബ്ദം കേട്ട് യാത്രക്കാർ തിരിഞ്ഞു നോക്കിയപ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണോ എന്ന് സംശയമുണ്ടെന്ന് സുനിലിന്റെ ജേഷ്ഠൻ പ്രതികരിച്ചു.
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ കമ്പി ഉൾപ്പെടെ വളഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഉടൻ തന്നെ സുനിലിനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
