പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപമുള്ള പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന കാർ അക്രമികൾ തകർത്തു. ഞായറാഴ്ച രാവിലെയാണ് കാറിന്റെ നാല് വശത്തെയും ചില്ലുകളും ഹെഡ്‌ലൈറ്റുകളും തകർത്ത നിലയിൽ കണ്ടെത്തിയത്. മുൻവശത്തെ ചില്ലിൽ 'ഇത് ദൈവത്തിന്റെ സമ്മാനം' എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്.
പാർക്കിങ് കേന്ദ്രത്തിലുണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും അക്രമികൾ തകർത്തിട്ടുണ്ട്. ഈ ഓട്ടോറിക്ഷകളിൽ നിന്ന് മോഷണം നടന്നതായും പരാതി ഉയർന്നിട്ടുണ്ട്. ട്രെയിൻ യാത്രക്കാരനായ ഒരു ഡോക്ടറുടേതാണ് തകർത്ത കാർ. ഉടമസ്ഥൻ സ്ഥലത്തെത്തിയാൽ മാത്രമേ കാറിൽ മോഷണം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.
റെയിൽവേയുടെ ഇരുമ്പ് സാധനങ്ങൾ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. ഹെഡ്‌ലൈറ്റ് തകർത്ത ഭാഗത്ത് അക്രമത്തിന് ഉപയോഗിച്ച ഒരു ഇരുമ്പ് ലോക്ക് കണ്ടെത്തിയിട്ടുണ്ട്. പഴയങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പാർക്കിങ് കേന്ദ്രത്തിന് സമീപം സുരക്ഷാ ഭിത്തിയില്ലാത്തതും വെളിച്ചക്കുറവുമാണ് ഇത്തരക്കാർക്ക് അവസരമൊരുക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
