തളിപ്പറമ്പ എം വി ആർ സ്നേക്ക് പാർക്കിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ സമ്മർ ക്യാമ്പ് സംഫൺ 2K26 ന് തുടക്കമായി. പ്രശസ്ത ക്വിസ് മാസ്റ്ററും ടിവി ലൈവ് ആർട്ടിസ്റ്റുമായ രഘുനാഥൻ മൊറാഴ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജു മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡിജിറ്റൽ ലോകത്തുനിന്ന് മാറി കുട്ടികൾക്ക് പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും നേരിട്ട് അടുത്തറിയാനുള്ള അവസരമാണ് ഈ ക്യാമ്പിലൂടെ ഒരുക്കുന്നത്. എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോഷി ജോർജ്ജ്, ഡോ. കെ പി സംഗീത്, ഡോ. ജിഷ്ണു ചന്ദ്രൻ, ഡോ. എം സുധീർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
കുട്ടികളുടെ സർഗ്ഗാത്മകത വളർത്തുന്നതിനായി ജലഛായ പരിശീലനം, അബാക്കസ് സെഷൻ, പരിസ്ഥിതി പഠനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ഭൗമ ദിനാചരണത്തോട് അനുബന്ധിച്ച് വന്യജീവി സംരക്ഷണ ക്ലാസുകളും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചിട്ടുണ്ട്. ചമയം എന്ന നാടക കളരിയിലൂടെ കുട്ടികൾക്ക് അഭിനയരംഗത്തും പരിശീലനം നൽകും. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്നേക്ക് പാർക്ക് സൂ അംബാസഡർമാരായി പ്രവർത്തിക്കാൻ അവസരം ലഭിക്കും.

