കണ്ണൂർ: രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതി കണ്ണൂർ ജില്ലയിൽ നടപ്പിലാക്കിയ നൂറ് ശതമാനം വെബ്കാസ്റ്റിംഗ് വൻ വിജയം. സമാധാനപരവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ അടിമുടി മാറ്റിമറിച്ചു. ജില്ലാ കളക്ടറേറ്റിൽ സജ്ജമാക്കിയ അത്യാധുനിക 'വാർ റൂം' മാതൃകയിലുള്ള കൺട്രോൾ റൂമിലായിരുന്നു ഇതിന്റെ ഏകോപനം നടന്നത്.
ജില്ലയിലെ 2183 പോളിംഗ് സ്റ്റേഷനുകളിലായി സ്ഥാപിച്ച 4366 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ 187 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നിരന്തരം നിരീക്ഷിച്ചു. 110 ഡെസ്ക്ടോപ്പുകളും അത്രതന്നെ ടെലിവിഷനുകളും ഉപയോഗിച്ചായിരുന്നു ഈ സൂക്ഷ്മ നിരീക്ഷണം. ഓരോ ഓപ്പറേറ്റർക്കും 24 ബൂത്തുകളുടെ ചുമതലയാണ് നൽകിയിരുന്നത്. വോട്ടെടുപ്പ് മന്ദഗതിയിലായ സ്ഥലങ്ങളിൽ ഇടപെട്ടും, പോളിംഗ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ വൈകിയ പ്രിസൈഡിംഗ് ഓഫീസർമാരെ ഉണർത്തിയും കൺട്രോൾ റൂം തിരഞ്ഞെടുപ്പിന്റെ ചാലകശക്തിയായി മാറി.
വൈകുന്നേരം വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും വരിയിലുണ്ടായിരുന്ന വോട്ടർമാരുടെ എണ്ണം കൃത്യമായി വിലയിരുത്തി നടപടികൾ വേഗത്തിലാക്കാൻ ഈ സംവിധാനം സഹായിച്ചു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. ക്രമസമാധാന പാലനത്തിനായി പോലീസ് വിഭാഗങ്ങളും സാങ്കേതിക സഹായത്തിനായി കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ തുടങ്ങിയ വകുപ്പുകളും സജീവമായി കൺട്രോൾ റൂമിലുണ്ടായിരുന്നു.
കേന്ദ്ര നിരീക്ഷകൻ ഡോ. ബൽക്കർ സിങ്, ഡി.ഐ.ജി യതീഷ്ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജ് എന്നിവർ കൺട്രോൾ റൂം സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. എൻ സിബി, പി. ബിന്ദു, ടോമി തോമസ് എന്നിവരായിരുന്നു വെബ്കാസ്റ്റിംഗിന്റെ നോഡൽ ഓഫീസർമാർ
